തിരുവനന്തപുരം രണ്ടാം മെഡിക്കൽ കോളേജിന് വേഗത്തിൽ അനുമതി വേണം; കേന്ദ്രത്തോട് ആവശ്യവുമായി മന്ത്രി കെ. മുരളീധരൻ

തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി നൽകുകയും ഈ അധ്യയന വർഷം തന്നെ പ്രവേശനം നടത്തുന്നതിനാവശ്യമായ ഇടപെടൽ ഉറപ്പാക്കുകയും ചെയ്യണമെന്ന് ആരോഗ്യം-ദേവസ്വം മന്ത്രി കെ. മുരളീധരൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്. ദേശീയ ആരോഗ്യ ദൗത്യ പദ്ധതികളുടെ അവലോകന യോഗത്തിനിടെയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സജ്ജമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ മെഡിക്കൽ കോളേജിനായി 150 കോടി രൂപയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും രാജ്യത്താകെ 10,000 പുതിയ മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കുന്നതിനായി 15,000 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ടെന്നും, അതിൽ കേരളത്തിന്റെ ആവശ്യം ഉൾപ്പെടുത്തി നടപടി സ്വീകരിക്കുമെന്നും ജെ.പി. നദ്ദ ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു.

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാ പഠനം വേഗത്തിൽ പൂർത്തിയാക്കി സ്ഥലം അന്തിമമാക്കി അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി സമയബന്ധിതമായി എയിംസ് അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതിയുടെ ഭാഗമായി ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ, ഹരിപ്പാട്, കൽപ്പറ്റ എന്നിവിടങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, എല്ലാ ജില്ലകളിലും ട്രോമ കെയർ-ബേൺസ് യൂണിറ്റുകൾ, കൂടാതെ വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളേജുകളുടെ വികസനം എന്നിവയ്ക്കും കേന്ദ്രസഹായം മന്ത്രി അഭ്യർത്ഥിച്ചു.

ജനിതകശാസ്ത്രം, ന്യൂറോ സയൻസസ്, കാർഡിയാക് സയൻസസ് മേഖലകളിൽ സെന്ററുകൾ ഓഫ് എക്സലൻസ് സ്ഥാപിക്കൽ, എമർജൻസി മെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുടെ നിയമനം തുടങ്ങിയ പദ്ധതികൾക്കും കേന്ദ്രസഹായം തേടിയതായി മന്ത്രി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക