സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാന തല നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് തുക വെട്ടിച്ചതായാണ് കണ്ടെത്തൽ. ദേശീയ നേതാക്കളുടെയും താരപ്രചാരകരുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ഹോട്ടൽ ബുക്കിംഗുകൾ, ഹെലിക്കോപ്ടർ വാടക തുടങ്ങിയ ചെലവുകളിൽ കൃത്രിമ കണക്കുകൾ കാണിച്ച് ഫണ്ട് തട്ടിയെടുത്തതായും ഓഡിറ്റിൽ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ചില നേതാക്കൾ സ്വകാര്യ ബാങ്ക് വായ്പകൾ അടച്ചുതീർത്തതായും പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ ഒരു നേതാവ് ഏകദേശം 40 ലക്ഷം രൂപയുടെ വായ്പ അടച്ചതായാണ് വിവരം. ഐടി സെൽ വിഭാഗത്തിലെ ഒരു നേതാവ് 17 ലക്ഷം രൂപ വിലമതിക്കുന്ന കാർ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു വനിതാ നേതാവിനെതിരെയും ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊടികളും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ചെലവുകളിലും ക്രമക്കേടുകൾ നടന്നതായി ഓഡിറ്റിൽ കണ്ടെത്തിയതായി പറയുന്നു. മണ്ഡലങ്ങളിലേക്ക് അനുവദിച്ച ഫണ്ട് കൃത്യമായി വിതരണം ചെയ്തില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഡ്രോൺ ഷോ സംഘടിപ്പിക്കുമെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായി കണക്കുകൾ സമർപ്പിച്ചെങ്കിലും അതിൽ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. നേതാക്കളുടെ പോഡ്കാസ്റ്റ് പരിപാടികൾ നടത്തുന്നതിനെന്ന പേരിലും വലിയ തുകകൾ ചെലവഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ പാർട്ടി നേതൃത്വം ഒരുങ്ങുന്നതായാണ് വിവരം. വിഷയത്തിൽ കൂടുതൽ പരിശോധനകളും നടപടികളും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
