ഇന്ധനവില വർധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്രത്തിനെതിരെ പിണറായി വിജയന്റെ രൂക്ഷ വിമർശനം

രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയത്ത് അതിന്റെ ഗുണം ജനങ്ങൾക്ക് കൈമാറാൻ തയ്യാറാകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം ചൂണ്ടിക്കാട്ടി ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച അമിതഭാരമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഈ വിലവർധനവ് യാതൊരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം രാജ്യത്ത് പാചകവാതക ക്ഷാമവും അമിതവിലയും നേരത്തെ തന്നെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ വീണ്ടും വിലക്കയറ്റത്തിന്റെ ഭാരം അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും സാധാരണക്കാരെ സംരക്ഷിക്കേണ്ട ഘട്ടത്തിൽ, കേന്ദ്ര സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ധനവിലയിലെ ഈ വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഗതാഗതച്ചെലവ് കുതിച്ചുയരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തൊഴിലാളികൾ, കർഷകർ, ഇടത്തരം കുടുംബങ്ങൾ എന്നിവർക്കാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ഈ അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക