രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷത്തോളം തുടരുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുന്ന സ്ഥാപനമായ ആക്സിസ് മൈ ഇന്ത്യയുടെ മേധാവി പ്രദീപ് ഗുപ്ത അഭിപ്രായപ്പെട്ടു.
2014-ൽ ആരംഭിച്ച ബിജെപി ഭരണഘട്ടം ദീർഘകാലം തുടരുമെന്നതാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. ഭരണനേട്ടങ്ങളിൽ വലിയ വീഴ്ചകൾ സംഭവിക്കാത്തിടത്തോളം കാലം പാർട്ടിയുടെ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ട് കോൺഗ്രസ് ആസ്വദിച്ചിരുന്ന ദീർഘകാല മേധാവിത്വത്തോടാണ് നിലവിലെ സാഹചര്യം താരതമ്യം ചെയ്യപ്പെടുന്നതെന്നും, ഇന്ത്യ വീണ്ടും ഏകകക്ഷി മേധാവിത്വത്തിന്റെ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിൽ ഏകദേശം 20 വർഷം നീളുന്ന ഒരു സൈക്കിള്‍ നിലനിൽക്കുന്നുവെന്നും 1977 വരെ കോൺഗ്രസ് തുടർച്ചയായി ഭരിച്ച അനുഭവം ഉദാഹരണമായി എടുത്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. അതുപോലെ ബിജെപിയും ദീർഘകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഭാവി പൂർണമായും സർക്കാരിന്റെ പ്രവർത്തന മികവിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം വിലയിരുത്തി. ജനങ്ങളുടെ പ്രതീക്ഷകൾ ഉയർന്ന സാഹചര്യത്തിൽ മികച്ച ഭരണമാണ് തുടർച്ചയായ വിജയത്തിന് നിർണായകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 2029-ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നും, നിലവിലെ സാഹചര്യത്തിൽ അവർക്ക് ദേശീയ തലത്തിൽ ശക്തമായ തിരിച്ചുവരവിന് കുറഞ്ഞത് മറ്റൊരു അഞ്ച് വർഷം കൂടി ആവശ്യമുണ്ടാകുമെന്നും പ്രദീപ് ഗുപ്ത അഭിപ്രായപ്പെട്ടു.
