സിപിഎമ്മിൻറെ എല്ലാ വിമർശനങ്ങളെയും ഉൾക്കൊള്ളുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു: ജോൺ ബ്രിട്ടാസ്

ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഓരോ എം.എൽ.എമാരെയും എം.പിമാരെയും ബി.ജെ.പി സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് മമത ബാനർജി യോഗത്തിൽ വ്യക്തമാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. ബംഗാളിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വനിതാ സംവരണം മുൻനിർത്തിയുള്ള ഡീലിമിറ്റേഷൻ ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ പാർലമെന്റിൽ പാസാക്കിയെടുക്കാൻ ബി.ജെ.പിക്ക് കൂടുതൽ എം.പിമാരെ ആവശ്യമുണ്ട്. അതിനുവേണ്ടിയാണ് ഈ കുതിരക്കച്ചവടമെന്നും, ഗ്രൗണ്ട് റിയാലിറ്റിയും തിരഞ്ഞെടുപ്പ് ഫലവും തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വളരെ ആരോഗ്യകരമായ ചർച്ചകളാണ് യോഗത്തിൽ നടന്നത്. വല്ലപ്പോഴും യോഗം ചേരുകയല്ല വേണ്ടതെന്ന അഭിപ്രായം ഉദ്ധവ് താക്കറെയെ പോലുള്ള നേതാക്കൾ മുന്നോട്ടുവെച്ചു. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിനെതിരെ ഒരുമിച്ച് ശക്തമായി പോരാടാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഡി.എം.കെ സഖ്യം വിട്ടുപോയതിൽ എല്ലാവർക്കും വിഷമമുണ്ടെന്നും, കോൺഗ്രസ് മുൻകൈയെടുത്ത് ചർച്ചകളിലൂടെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യമുയർന്നു.

യോഗത്തിൽ സി.പി.ഐ.എം തങ്ങൾ നേരിടുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ശക്തമായി ഉന്നയിച്ചു. യോഗത്തിൽ ഉയർന്നുവന്ന എല്ലാ വിമർശനങ്ങളെയും താൻ ഉൾക്കൊള്ളുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സി.പി.ഐ.എം ഉന്നയിച്ച വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് സംസാരിക്കാൻ തയ്യാറാണെന്നും, വേണമെങ്കിൽ വൈകിട്ട് കാണാമെന്നും രാഹുൽ അറിയിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയുടെ കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നാണ് സി.പി.ഐ.എം നേതൃത്വം വ്യക്തമാക്കിയത്.

ഇന്ത്യ മുന്നണിയുടെ അടുത്ത നിർണ്ണായക യോഗം വരും വർഷം ആഗസ്റ്റ് മാസത്തിലായിരിക്കും ചേരുകയെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക