പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം; ‘ഇന്ത്യ സഹായിക്കണം’, അതിർത്തി തുറക്കണമെന്ന് പ്രാദേശിക നേതാവ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയുടെ സഹായം തേടി പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാനാണ് ഇന്ത്യ മാനുഷിക സഹായം നൽകണമെന്നും സാഹചര്യം വഷളായാൽ നിയന്ത്രണ രേഖ തുറന്ന് ജനങ്ങൾക്ക് സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്താനുള്ള അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടത്.

പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി പാകിസ്ഥാൻ ഭരണകൂടം മേഖലയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് അമൻ ഖാൻ ആരോപിച്ചു. ഇതുമൂലം ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമമാണ് പ്രദേശവാസികൾ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സഹായം അഭ്യർഥിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

“ഇവിടെ റേഷൻ സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ ലഭിക്കാത്ത അവസ്ഥയാണ്. ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണ്,” എന്ന് അമൻ ഖാൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.

റാവലക്കോട്ടിലെ ഈദ്ഗാ മൈതാനത്ത് നടന്ന റാലിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയും അദ്ദേഹം നിയന്ത്രണ രേഖ തുറക്കണമെന്ന ആവശ്യം ആവർത്തിച്ചു. “നമ്മൾ നിയന്ത്രണ രേഖയിലേക്ക് പോകണോ?” എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് “അങ്ങോട്ട് മാർച്ച് ചെയ്യാം” എന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.

ജനങ്ങളുടെ ആവശ്യങ്ങളെ സുരക്ഷാസേനയുടെ ശക്തിപ്രയോഗത്തിലൂടെ നേരിടാനാണ് അധികൃതർ ശ്രമിക്കുന്നതെങ്കിൽ തങ്ങൾക്ക് മുന്നിൽ മറ്റ് മാർഗങ്ങളും ഉണ്ടാകുമെന്ന് അമൻ ഖാൻ മുന്നറിയിപ്പ് നൽകി. പൂഞ്ച്, ദോഡാ സെക്ടറുകളിലെ നിയന്ത്രണ രേഖ തുറക്കണമെന്നും ഇസ്ലാമാബാദിന്റെ നടപടികൾ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക