ആശുപത്രി പരിസരങ്ങളിൽ രാഷ്ട്രീയ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണത്തിനെതിരെ വീണ്ടും നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കുള്ളിൽ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം അനുവദിക്കില്ലെന്നും, അത് എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ നയപ്രകാരം ആശുപത്രികളിൽ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെയായിരിക്കണമെന്നാണ് തീരുമാനമെന്നും, ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
ഡിവൈഎഫ്ഐ മാത്രമല്ല, യൂത്ത് കോൺഗ്രസ്, സേവാഭാരതി ഉൾപ്പെടെയുള്ള ഏതൊരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനവും ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ലെന്ന നിലപാടും മന്ത്രി ആവർത്തിച്ചു.
മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരമൊരു അംഗത്വത്തിന്റെ ആവശ്യമില്ലെന്നും, വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
