ഇന്ത്യ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ്; കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ഉന്നയിച്ച കടുത്ത ആരോപണങ്ങളിൽ ഇടതുപക്ഷം ഔദ്യോഗിക മറുപടി പ്രതീക്ഷിക്കുന്നതിനിടെ, തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് പങ്കെടുക്കും.

സഖ്യകക്ഷികൾ തമ്മിൽ പാലിക്കേണ്ട സഹകരണ മനോഭാവത്തിന് വിരുദ്ധമാണ് കോൺഗ്രസിന്റെ ആരോപണങ്ങളെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം. അയച്ച കത്തിന്റെ പകർപ്പുകൾ മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കും കൈമാറിയിട്ടുണ്ട്.

ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള കൃത്യമായ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇടതുപക്ഷ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ജോൺ ബ്രിട്ടാസ് എം.പി. ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നാണ് സി.പി.ഐ.എം. കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയ മുൻനിര കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ ആരോപണങ്ങൾ കേവലം തെരഞ്ഞെടുപ്പ് വിമർശനങ്ങൾക്കപ്പുറമുള്ളതാണെന്ന് സി.പി.ഐ.എം. വിലയിരുത്തുന്നു. ബി.ജെ.പി.യെ കൂട്ടായി നേരിടാൻ രൂപീകരിച്ച ഒരു സഖ്യത്തിന്റെ സുഗമമായ പ്രവർത്തനത്തെ തന്നെ ഇത്തരം പ്രസ്താവനകൾ ചോദ്യം ചെയ്യുന്നതാണെന്ന് എം.എ. ബേബി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ നേരിടുന്നതിനും പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള സംയുക്ത തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് ‘ഇന്ത്യ’ മുന്നണിയിലെ മുതിർന്ന നേതാക്കൾ ദേശീയ തലസ്ഥാനത്ത് യോഗം ചേരുന്നത്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന) മേധാവി ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും. ഡി.എം.കെ., ആം ആദ്മി പാർട്ടി എന്നിവയുടെ പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക