ഇന്ത്യയുടെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ ആഗോള ശരാശരിയുടെ പകുതിയിൽ താഴെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ സംഘടിപ്പിച്ച ‘ദ ഫ്യൂച്ചർ ഓഫ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ഡൈനാമിക്സ്’ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കാർബൺ പുറന്തള്ളലിന്റെ ഉത്തരവാദിത്തം വികസ്വര രാജ്യങ്ങളുടെ മേൽ അന്യായമായി ചുമത്തപ്പെടുന്നുവെന്ന് മോദി പറഞ്ഞു. വികസിത രാജ്യങ്ങളിലെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ ഇന്ത്യയേക്കാൾ ആറിരട്ടി കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പാരമ്പര്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക കാലാവസ്ഥാ വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിനൊപ്പം ആഗോള കൂട്ടായ പ്രവർത്തനത്തിനും ഇന്ത്യ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 19, 20 തീയതികളിലാണ് എൻജിടിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. 17 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ജഡ്ജിമാരും ജുഡീഷ്യൽ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വെല്ലുവിളികൾ, പരിസ്ഥിതി ഭരണത്തിലെ പ്രശ്നങ്ങൾ, നയരൂപീകരണവും നടപ്പാക്കലും തമ്മിലുള്ള വിടവ്, വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
കാലാവസ്ഥാ രംഗത്ത് ഇന്ത്യയുടെ പ്രതിശീർഷ പുറന്തള്ളൽ ആഗോള ശരാശരിയേക്കാൾ താഴെയാണെന്നത് നേരത്തെയും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2023ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിശീർഷ ഹരിതഗൃഹ വാതക പുറന്തള്ളൽ ഏകദേശം 2.9 ടൺ CO₂e ആയിരുന്നപ്പോൾ ആഗോള ശരാശരി 6.7 ടണ്ണായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി ലോകത്തെ ഒരുമിച്ച് നിർത്തി പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
