യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുകയാണെങ്കിൽ മത്സരരംഗത്ത് നിന്ന് മാറിനിന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. സുപ്രധാന പദവികളിൽ ഇവരെ ഉൾപ്പെടുത്തുമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ അർഹതയുള്ള നിരവധി പേരുണ്ടെന്നും, പലർക്കും സീറ്റ് ലഭിക്കാത്തതിൽ മനോവിഷമം ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ പത്ത് വർഷമായി തുടരുന്ന ഇടത് ഭരണത്തെ അവസാനിപ്പിക്കുകയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച സ്ഥാനാർഥികളുടെ പേരുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും, പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയാകാൻ കഴിയാത്തവർക്കും അവരുടെ അസ്വസ്ഥതകൾ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും, അവയെ മാനിച്ചുകൊണ്ട് അവർ പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിൽ നിന്ന് മാറിനിന്നവർക്ക് ഭാവിയിൽ അർഹമായ പരിഗണന ഉറപ്പാക്കുമെന്ന് നേരത്തേ തന്നെ അറിയിച്ചിട്ടുണ്ടെന്നും, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ട മാന്യതയും അവസരവും ലഭിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
