ഓസ്ട്രേലിയൻ സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി ഉയർന്നതിനെ തുടർന്ന് ഓസ്ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. മെൽബണിൽ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ്സ് മോദി’ കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.
‘അബു മുസ്തഫ’ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് അറബിക് ഭാഷയിൽ ഭീഷണിപരമായ കമന്റ് പോസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിടുന്നതാണ് നല്ലതെന്നും, അല്ലാത്തപക്ഷം മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ ഗൗരവമായി കാണുന്ന ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമന്റ് പോസ്റ്റ് ചെയ്ത അക്കൗണ്ടിന്റെ ഐപി വിലാസം കണ്ടെത്തിയതായും, സന്ദേശത്തിന് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഇന്തോനേഷ്യ സന്ദർശനത്തിന് ശേഷം ഈ മാസം 8-നാണ് പ്രധാനമന്ത്രി മോദി മെൽബണിലെത്തുന്നത്. തുടർന്ന് ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ജൂൺ 11-ന് ന്യൂസിലൻഡിലേക്ക് യാത്രതിരിക്കും. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന.
