മങ്കടയിൽ ഇടിമിന്നൽ ദുരന്തം; വ്യൂ പോയിന്റിൽ നാല് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം ജില്ലയിലെ മങ്കടയിലെ കുരുങ്ങൻചോല വ്യൂ പോയിന്റിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് യുവാക്കൾ മരിച്ചു. വെള്ളിമല സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

മരിച്ചവർ വെള്ളിമല പുതുക്കുടി വീട്ടിൽ അലിയുടെ മകൻ റഹീസ് (20), ആലിക്കപ്പറമ്പിൽ വീട്ടിൽ അസീസിന്റെ മകൻ സിയാദ് (18), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ്. റോഷൻ (20), ഇഷ്താഹ് (19), സൽമാനുൽ ഫാരിസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് വിദ്യാർത്ഥികൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സമീപവാസികൾ ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും സിപിആർ നൽകുകയും ചെയ്തെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.

മറുപടി രേഖപ്പെടുത്തുക