യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തുൾസി ഗബ്ബാർഡ് രാജിവച്ചു. ഭർത്താവ് അബ്രഹാം വില്യംസ് ഗുരുതരമായ അസ്ഥി കാൻസറിന് ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്.
ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരുന്ന രാജിക്കത്ത് പ്രസിഡന്റ് ട്രംപിനെ അഭിസംബോധന ചെയ്താണ് ഗബ്ബാർഡ് സമർപ്പിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിനെ നയിക്കാൻ അവസരം നൽകിയതിന് ട്രംപിനോട് നന്ദി രേഖപ്പെടുത്തിയ തുൾസി ഗബ്ബാർഡ്, കുടുംബത്തിനൊപ്പമിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കി.
“എന്റെ ഭർത്താവിന് അപൂർവമായ അസ്ഥി കാൻസർ സ്ഥിരീകരിച്ചു. വരും ആഴ്ചകളും മാസങ്ങളും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. ഈ സമയത്ത് അദ്ദേഹത്തിനൊപ്പമുള്ള പൂർണ പിന്തുണ നൽകേണ്ടതുണ്ട്,” എന്നാണ് രാജിക്കത്തിൽ അവർ വ്യക്തമാക്കിയത്.
ഇന്റലിജൻസ് സംവിധാനത്തിൽ സുതാര്യതയും വിശ്വാസ്യതയും പുനഃസ്ഥാപിക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും നിർണായക ജോലികൾ ബാക്കിയുണ്ടെന്നും ഗബ്ബാർഡ് പറഞ്ഞു. അധികാര കൈമാറ്റം സുഗമമായി നടക്കുന്നതിനായി അടുത്ത ആഴ്ചകളിൽ പൂർണ സഹകരണം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഔദ്യോഗിക ചുമതലകളിലും തനിക്ക് ശക്തമായ പിന്തുണ നൽകിയ ഭർത്താവിനോടും ഗബ്ബാർഡ് നന്ദി രേഖപ്പെടുത്തി.
