ഹിറ്റൈറ്റ് നാഗരികതയുടെ രഹസ്യങ്ങൾ തുറക്കപ്പെടും ; ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിഗൂഢതകൾ പരിഹരിക്കാൻ AI

ലോകചരിത്രത്തിലെ ഇന്നും പൂർണമായി പരിഹരിക്കപ്പെടാത്ത നിഗൂഢതകളിലൊന്നായ ഹിറ്റൈറ്റ് നാഗരികതയെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ ദിശ നൽകുന്ന വിപ്ലവകരമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് ജർമ്മൻ ശാസ്ത്രജ്ഞർ. പുരാതന കളിമൺ ഫലകങ്ങളിലെ ക്യൂണിഫോം ലിപി വായിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ശക്തമായ കൃത്രിമ ബുദ്ധി (AI) സംവിധാനമാണ് ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്.

‘പാലിയോഗ്രാഫിക്കം’ എന്ന് പേരിട്ടിരിക്കുന്ന ഈ AI ഉപകരണം, മൂവായിരം വർഷം പഴക്കമുള്ള ഹിറ്റൈറ്റ് രേഖകളിലെ കൈയക്ഷര വ്യത്യാസങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളതാണ്. ഇതിലൂടെ തകർന്നും ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് കളിമൺ ഫലകങ്ങളുടെ ഭാഗങ്ങൾ വീണ്ടും ചേർത്ത് പൂർണ വിവരങ്ങൾ മനസ്സിലാക്കാൻ ഗവേഷകർക്ക് സാധിക്കുന്നു.

ബിസി 1600-ഓടെ ഇന്നത്തെ തുർക്കി പ്രദേശത്ത് വളർന്നു വന്ന ഹിറ്റൈറ്റ് നാഗരികതയുടെ നിരവധി രേഖകൾ ഇന്ന് ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ ശകലങ്ങളായി സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം 375 ചിഹ്നങ്ങൾ അടങ്ങിയ ക്യൂണിഫോം ലിപി ഉപയോഗിച്ച് എഴുതപ്പെട്ട ഈ രേഖകൾ, ഏകദേശം 400 എഴുത്തുകാരുടെ വ്യത്യസ്ത കൈയക്ഷര ശൈലികളാണ് പ്രതിഫലിപ്പിക്കുന്നത്. ചിലർ സമ്മർദ്ദത്തോടെ എഴുതുമ്പോൾ മറ്റുചിലർ അക്ഷരങ്ങൾക്കിടയിൽ പ്രത്യേക ഇടവേളകൾ നൽകുന്ന രീതിയും കണ്ടെത്തിയിട്ടുണ്ട്.

ഈ കൈയക്ഷര വ്യത്യാസങ്ങൾ തന്നെയാണ് ഇപ്പോൾ AI തിരിച്ചറിയുന്ന ‘ഡിജിറ്റൽ വിരലടയാളങ്ങൾ’ ആയി മാറിയിരിക്കുന്നത്. 70,000 ഡിജിറ്റൽ ചിത്രങ്ങളിലായി ഉള്ള 50 ലക്ഷത്തിലധികം അക്ഷരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ സ്കാൻ ചെയ്ത് സമാന ശൈലിയിലുള്ള ഫലകങ്ങൾ തിരിച്ചറിയാൻ ഈ സംവിധാനം സജ്ജമാണ് .

വുർസ്ബർഗ് സർവകലാശാലയും ഡോർട്ട്മുണ്ടിലെ സാങ്കേതിക സർവകലാശാലയും ചേർന്നാണ് ഈ പദ്ധതി വികസിപ്പിച്ചത്. മുമ്പ് അഞ്ച് ഫലക ശകലങ്ങൾ താരതമ്യം ചെയ്യാൻ മൂന്ന് ദിവസം വേണ്ടിയിരുന്നിടത്ത്, ഇപ്പോൾ വെറും അഞ്ച് മിനിറ്റിൽ പ്രവർത്തനം പൂർത്തിയാക്കാനാകുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.

പദ്ധതി നിലവിൽ ലോകമെമ്പാടുമുള്ള ഹിറ്റൈറ്റ് ഗവേഷകരുടെ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ എഴുത്തുകാരന്റെയും കൈയക്ഷരം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ AI വികസിപ്പിക്കുകയാണെങ്കിൽ, പുരാതന എഴുത്തുകാരുടെ സാമൂഹിക ജീവിതവും തൊഴിൽ സാഹചര്യങ്ങളും ഉൾപ്പെടെ കൂടുതൽ ആഴത്തിലുള്ള ചരിത്ര വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

പുരാവസ്തു ഗവേഷണ മേഖലയിലെ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്ന ഈ കണ്ടെത്തൽ അന്താരാഷ്ട്ര അക്കാദമിക് ലോകത്തിന്റെ ശ്രദ്ധയും പ്രശംസയും നേടിക്കൊണ്ടിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക