ഇന്ത്യക്കായി അരങ്ങേറ്റം; 15-ാം വയസിൽ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; മറികടന്നത് ടെണ്ടുൽക്കറുടെ റെക്കോർഡ്

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ബിഹാറിൽ നിന്നുള്ള കൗമാര പ്രതിഭ വൈഭവ് സൂര്യവംശി. 15 വയസും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന്റെ പേരിലായി.

1989-ൽ 16-ാം വയസിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വൈഭവ് മറികടന്നത്. 2019-ൽ 15 വയസും 239 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം നടത്തിയ ഷെഫാലി വർമയുടെ റെക്കോർഡും ഇതോടെ പഴങ്കഥയായി.

ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങൾക്കു പിന്നാലെയാണ് വൈഭവിന് ദേശീയ ടീമിലേക്ക് വിളിയെത്തിയത്. തിലക് വർമയാണ് താരത്തിന് ഇന്ത്യൻ ക്യാപ് സമ്മാനിച്ചത്. തുടർന്ന് സഹതാരങ്ങൾ ചേർന്ന് യുവതാരത്തെ ടീമിലേക്ക് വരവേറ്റു.

കഴിഞ്ഞ ജൂണിൽ ദാംബുള്ളയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെ നടത്തിയ വെടിക്കെട്ട് പ്രകടനവും വൈഭവിന്റെ ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കി. ഫൈനലിൽ വെറും 29 പന്തിൽ 94 റൺസ് നേടിയ താരം, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറികളിലൊന്ന് സ്വന്തമാക്കിയിരുന്നു.

15-ാം വയസിൽ തന്നെ ഇന്ത്യൻ ജഴ്സിയണിഞ്ഞ വൈഭവിന്റെ അരങ്ങേറ്റം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക