ലോകത്തിന്റെ ഏത് കോണിലായാലും മനുഷ്യർ ആശയവിനിമയത്തിനായി ഒരു ഭാഷയെ ആശ്രയിക്കുന്നു. എന്നാൽ ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള കാനറി ദ്വീപസമൂഹത്തിലെ ലാ ഗോമെറ ദ്വീപിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ തലമുറകളായി നിലനിൽക്കുന്ന ഒരു പ്രത്യേക ആശയവിനിമയ രീതിയുണ്ട് – വിസിലിലൂടെ സംസാരിക്കുന്ന ഭാഷ.
കുത്തനെയുള്ള പാറക്കെട്ടുകളും ആഴമേറിയ താഴ്വരകളും നിറഞ്ഞ അഗ്നിപർവ്വത ദ്വീപാണ് ലാ ഗോമെറ. പഴയകാലത്ത് ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊന്നിലേക്ക് സന്ദേശമെത്തിക്കാൻ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ ബുദ്ധിമുട്ട് മറികടക്കാനാണ് ദ്വീപ് നിവാസികൾ സ്പാനിഷ് ഭാഷയെ വിസിൽ ശബ്ദങ്ങളാക്കി മാറ്റിയത്.
സ്വരാക്ഷരങ്ങൾക്കും വ്യഞ്ജനാക്ഷരങ്ങൾക്കും പകരമായി പ്രത്യേക വിസിൽ ശബ്ദങ്ങൾ ഉപയോഗിച്ചാണ് അവർ ആശയവിനിമയം നടത്തിയത്. പിന്നീട് ഈ രീതി ഒരു സമ്പൂർണ ഭാഷയായി വികസിച്ചു. ഇന്ന് അത് ‘സിൽബോ ഗോമെറോ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സാധാരണ മനുഷ്യശബ്ദത്തിന് പരിമിതമായ ദൂരം മാത്രമേ സഞ്ചരിക്കാൻ കഴിയൂ. എന്നാൽ വിസിൽ ശബ്ദങ്ങൾ ഉയർന്ന ആവൃത്തിയിലുള്ളതായതിനാൽ വായുവിലൂടെ വളരെ ദൂരത്തേക്ക് വ്യാപിക്കുന്നു. ലാ ഗോമെറയിലെ മലനിരകളിൽ പ്രതിധ്വനിക്കുന്ന ഈ ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വരെ വ്യക്തമായി കേൾക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കപ്പലുകളുടെ വരവ്, മാർക്കറ്റ് വിവരങ്ങൾ, അടിയന്തര സന്ദേശങ്ങൾ തുടങ്ങിയവ കൈമാറാൻ ഈ ഭാഷ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിസിൽ ഭാഷ വെറും ശബ്ദസൂചനയാണെന്നാണ് ഒരുകാലത്ത് കരുതപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ന്യൂറോളജിക്കൽ പഠനങ്ങൾ മറ്റൊരു സത്യമാണ് വെളിപ്പെടുത്തിയത്.
സിൽബോ ഗോമെറോ മനസ്സിലാക്കുന്നവരുടെ തലച്ചോർ പരിശോധിച്ചപ്പോൾ, സാധാരണ സംസാരഭാഷ കേൾക്കുമ്പോൾ സജീവമാകുന്ന ഭാഗങ്ങൾ തന്നെയാണ് വിസിൽ ഭാഷ കേൾക്കുമ്പോഴും പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. അതായത് മനുഷ്യ മസ്തിഷ്കം ഈ വിസിൽ ശബ്ദങ്ങളെ ഒരു യഥാർത്ഥ ഭാഷയായി തന്നെ തിരിച്ചറിയുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു.
വംശനാശ ഭീഷണിയിൽ നിന്ന് യുനെസ്കോയുടെ സംരക്ഷണത്തിലേക്ക്
മൊബൈൽ ഫോണുകളും ആധുനിക ഗതാഗത സംവിധാനങ്ങളും വ്യാപകമായതോടെ സിൽബോ ഗോമെറോയുടെ ഉപയോഗം കുറഞ്ഞു. ഭാഷ അപ്രത്യക്ഷമാകുമെന്ന ആശങ്ക ഉയർന്നതോടെ 1999-ൽ ദ്വീപിലെ സ്കൂളുകളിൽ ഇത് നിർബന്ധിത പഠനവിഷയമാക്കി.
ഈ സംരക്ഷണ ശ്രമങ്ങൾക്ക് അംഗീകാരമായി 2009-ൽ യുനെസ്കോ സിൽബോ ഗോമെറോയെ മനുഷ്യരാശിയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
സാങ്കേതികവിദ്യയുടെ കാലത്തും ഒരു സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും പ്രകൃതിയുമായുള്ള ബന്ധവും നിലനിർത്തുന്ന അപൂർവ ഭാഷയാണ് സിൽബോ ഗോമെറോ. വാക്കുകൾ ഇല്ലാതെ വിസിലുകളിലൂടെ ആശയങ്ങൾ കൈമാറുന്ന ഈ പൈതൃകം മനുഷ്യന്റെ ആശയവിനിമയ ശേഷിയുടെ അതുല്യമായ ഉദാഹരണമായി ഇന്നും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.
