കുവൈത്തിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ നടത്തിയ ഏറ്റവും പുതിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ റഡാറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ ഉപകരണങ്ങൾ എന്നിവ പ്രവർത്തനരഹിതമാക്കിയെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. ‘നാസർ-2’ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ ആക്രമണത്തിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായെന്നും ഐആർജിസി അറിയിച്ചു.
മിസൈൽ പ്രതിരോധ റഡാറുകൾ, പാട്രിയറ്റ് വ്യോമ പ്രതിരോധ ബാറ്ററികൾ, എംക്യു-9 ഡ്രോണുകൾ സൂക്ഷിച്ചിരുന്ന ഹാംഗറുകൾ എന്നിവ ലക്ഷ്യമിട്ടതായും നിരവധി ഡ്രോണുകൾ നശിപ്പിച്ചതായും ഐആർജിസി പ്രസ്താവിച്ചു. ജോർദാനിലെ ഒരു യുഎസ് താവളത്തിലും എഫ്-15 യുദ്ധവിമാനവും മിസൈൽ പ്രതിരോധ റഡാറും തകർത്തതായി സംഘടന അവകാശപ്പെട്ടു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തിന് മറുപടിയായാണ് നടപടികളെന്നും, അമേരിക്കൻ താൽപര്യങ്ങൾ തുടർന്നും ലക്ഷ്യമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, റഡാർ സംവിധാനങ്ങളോ സൈനിക ഉപകരണങ്ങളോ നശിപ്പിച്ചെന്ന ഇറാന്റെ അവകാശവാദം യുഎസോ കുവൈത്തോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
