തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനെതിരായ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട് തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ആയുധ വിൽപ്പന സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ മറ്റാരുടെയും നിർദേശം ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പ്രതികരിച്ചത്. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് നടത്തിയ ഈ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ തന്റെ അടുത്ത സുഹൃത്തായി വിശേഷിപ്പിച്ച ട്രംപ്, തുർക്കി അമേരിക്കയുടെ വിലപ്പെട്ടതും വിശ്വസനീയവുമായ പങ്കാളിയാണെന്നും പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടർന്നും ശക്തിപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം, തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകുന്നതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുർക്കിയുടെ നിലവിലെ ഭരണകൂടം തീവ്രവാദ ചിന്താഗതിയോട് സഹാനുഭൂതി പുലർത്തുന്നതാണെന്നും അത്തരമൊരു രാജ്യത്തിന് അത്യാധുനിക യുദ്ധവിമാനങ്ങൾ കൈമാറുന്നത് പശ്ചിമേഷ്യയിലെ സൈനിക ശക്തിസന്തുലിതാവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
നെതന്യാഹുവിന്റെ ഈ വിമർശനങ്ങൾക്ക് മറുപടിയായാണ് ട്രംപ് പ്രതികരിച്ചത്. ഇസ്രായേലിന് തുർക്കിയെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കാമെങ്കിലും, അമേരിക്കയുമായുള്ള ബന്ധത്തിൽ തുർക്കി വിശ്വസ്തത പുലർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്ക-തുർക്കി ബന്ധവും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യവും ചർച്ചയായിരിക്കെ, എഫ്-35 യുദ്ധവിമാന വിൽപ്പന സംബന്ധിച്ച ട്രംപിന്റെ നിലപാട് മേഖലയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
