ലോകകപ്പിനായി ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്സി അവതരിപ്പിച്ചതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. വിഷയത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്രയും മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ വീരേൻ റാസ്ക്വിനയും വിമർശനവുമായി രംഗത്തെത്തി.
ജേഴ്സിയുടെ നിറം മാറ്റുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രമോ ആത്മാവോ മാറ്റാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജന്തർ മന്തറിൽ യുവാക്കൾ പ്രകടിപ്പിച്ച നിലപാടുകളാണ് രാജ്യത്തിന്റെ യഥാർഥ ശബ്ദമെന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അഹിംസയുടെയും സത്യത്തിന്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു.
അതേസമയം, ഇന്ത്യൻ ഹോക്കിയുടെ പ്രതീകമായി ആരാധകർ എന്നും ഓർക്കുന്നത് നീല ജേഴ്സിയാണെന്ന് മുൻ ക്യാപ്റ്റൻ വീരേൻ റാസ്ക്വിന അഭിപ്രായപ്പെട്ടു. വർഷങ്ങളോളം ആ ജേഴ്സി ധരിച്ച് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും, അതിന് ആരാധകരുടെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവി നിറം തിരഞ്ഞെടുക്കാൻ കാരണമെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദങ്ങൾക്കിടെ ഹോക്കി ഇന്ത്യ പുതിയ ജേഴ്സിയുടെ രൂപകൽപ്പനയെ ന്യായീകരിച്ചു. ധൈര്യം, ത്യാഗം, വിജയം എന്നിവയുടെ പ്രതീകമായാണ് കാവി നിറം തിരഞ്ഞെടുക്കപ്പെട്ടതെന്ന് സംഘടന വ്യക്തമാക്കി. ദേശീയ പതാകയുടെയും ഉദയസൂര്യന്റെയും പ്രചോദനത്തിൽ രൂപകൽപ്പന ചെയ്ത ജേഴ്സിയിൽ അശോകചക്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹോക്കി ഇന്ത്യ വിശദീകരിച്ചു.
‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയം മുൻനിർത്തിയാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും സംഘടന അറിയിച്ചു.
