മുല്ലപ്പെരിയാർ കേസിൽ കേരളം പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു. സുപ്രീംകോടതി അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സംസ്ഥാന സർക്കാർ സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം കേസിൽ ഹാജരാകുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള കേരളവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന നദീജല തർക്ക കേസുകളിലും സുപ്രീംകോടതിയിലും വിവിധ ട്രിബ്യൂണലുകളിലും റോയ് എബ്രഹാം സംസ്ഥാനത്തിനുവേണ്ടി ഹാജരാകും.
1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന റോയ് എബ്രഹാം എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി. പ്രകാശിനെയാണ് നിയമിച്ചിരുന്നത്.
റോയ് എബ്രഹാമിനെ നിയമിച്ചുള്ള പുതിയ സർക്കാർ ഉത്തരവിൽ ജി. പ്രകാശിനെ സ്ഥാനത്തുനിന്ന് മാറ്റിയതായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ പുതിയ നിയമനം പകരം നിയമനമായാണ് സൂചന.
