എല്ലാം ഞാനാണ് എന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായിക്കെതിരെ സിപിഐയുടെ പരസ്യ വിമർശനം

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള വിവാദം ഇടതുമുന്നണിക്കുള്ളിൽ കൂടുതൽ രൂക്ഷമാകുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ പരസ്യ വിമർശനവുമായി രംഗത്തെത്തിയതോടെ എൽഡിഎഫിനുള്ളിലെ ഭിന്നത തുറന്ന ചർച്ചയായി മാറിയിരിക്കുകയാണ്.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയാണ് പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പിണറായി വിജയനെയും സിപിഎമ്മിനെയും കടുത്ത ഭാഷയിൽ വിമർശിച്ചത്. “താൻ തീരുമാനിക്കും, എല്ലാം ഞാനാണ് എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല” എന്ന് അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ മുന്നണി മര്യാദകളുടെയും രാഷ്ട്രീയ ധാർമ്മികതയുടെയും ലംഘനമാണെന്ന് സത്യൻ മൊകേരി ആരോപിച്ചു. വിവിധ രാഷ്ട്രീയ കക്ഷികൾ പൊതുലക്ഷ്യത്തിനായി ഒന്നിക്കുന്ന സംവിധാനമാണ് മുന്നണിയെന്നും, അവിടെ ഏകപക്ഷീയ തീരുമാനങ്ങളും ഏകനായകത്വ സമീപനവും കൂട്ടായ പ്രവർത്തനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ മുന്നണി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സിപിഐ മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിലൂടെ ഏകപക്ഷീയ നിലപാട് പ്രഖ്യാപിച്ചതെന്നും ലേഖനത്തിൽ പറയുന്നു.

“താൻ കത്ത് നൽകിയാൽ മതി, സിപിഎം നേതാവ് തന്നെ ഉപനേതാവാകും” എന്ന തരത്തിലുള്ള പ്രസ്താവന ഇടതുപക്ഷ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് സത്യൻ മൊകേരി വിമർശിച്ചു. മുന്നണിക്കുള്ളിലെ തർക്കങ്ങൾ പരിഹരിച്ച് എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, മാധ്യമങ്ങൾക്കുമുന്നിൽ ഏകപക്ഷീയ പ്രഖ്യാപനം നടത്തിയത് മുന്നണിയുടെ താത്പര്യത്തിനാണോയെന്നും അദ്ദേഹം ചോദിച്ചു.

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ പക്വതയും മുന്നണി മര്യാദകളും ഉദാഹരണമായി ചൂണ്ടിക്കാട്ടിയ സത്യൻ മൊകേരി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ സംസ്കാരം നിലവിലെ പ്രതിപക്ഷ നേതാവിന്റെ നിലപാടുകളിൽ കാണുന്നില്ലെന്ന ഖേദവും രേഖപ്പെടുത്തി.

പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, സിപിഐയുടെ ഈ പരസ്യ വിമർശനം എൽഡിഎഫിനുള്ളിലെ അഭിപ്രായ ഭിന്നത കൂടുതൽ വ്യക്തമാക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മറുപടി രേഖപ്പെടുത്തുക