പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം രാഷ്ട്രീയമായി മുതലെടുക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. യുഡിഎഫിന് അത്തരം ശ്രമങ്ങളുടെ ആവശ്യമില്ലെന്നും നിലവിൽ തന്നെ സർക്കാരിന് ശക്തമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. ഇപ്പോൾ തന്നെ 102 എംഎൽഎമാരുടെ പിന്തുണയുണ്ട്. പിന്നെന്തിനാണ് മറ്റാരുടെയെങ്കിലും പിന്നാലെ പോകുന്നത്? ആവശ്യത്തിലധികം അംഗബലമുള്ള സർക്കാരാണ് ഞങ്ങളുടേത്. അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാരിന് യാതൊരു ആശങ്കയുമില്ല. ഇപ്പോഴുള്ള സാഹചര്യങ്ങൾ തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന്റെ നിലനിൽപ്പിനെക്കുറിച്ചാണ് അവർ ചിന്തിക്കേണ്ടത്,” എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
അതേസമയം, ജില്ല-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കില്ലെന്നും ആരോഗ്യമന്ത്രി ആവർത്തിച്ചു. സർക്കാർ പ്രഖ്യാപിച്ച നയത്തിൽ മാറ്റമൊന്നുമില്ലെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡോക്ടർമാർക്ക് നേരിട്ട് സർക്കാരുമായി ചർച്ച നടത്താമെന്നും, ഒഴിവുള്ള തസ്തികകളുടെ കണക്ക് ഔദ്യോഗികമായി നൽകിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ വാർത്തകളിലൂടെ മാത്രമാണ് സംഘടനയുടെ നിലപാട് അറിയേണ്ടി വരുന്നതെന്ന സാഹചര്യത്തെയും മന്ത്രി ചോദ്യം ചെയ്തു.
