പാകിസ്ഥാനിലെ ഭക്ഷ്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും കുറയുകയും ചെയ്തതോടെ രാജ്യത്തെ ഭക്ഷണശീലങ്ങളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (PBS) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പാൽ, മാംസം, അരി, ഗോതമ്പ്, പയർവർഗങ്ങൾ തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ പ്രതിശീർഷ ഉപഭോഗം കഴിഞ്ഞ ആറ് വർഷത്തിനിടെ ഗണ്യമായി കുറഞ്ഞു.
2018-19ൽ പ്രതിശീർഷ പ്രതിമാസ ഗോതമ്പ് ഉപഭോഗം 7 കിലോഗ്രാമായിരുന്നെങ്കിൽ 2024-25ൽ ഇത് 6.59 കിലോഗ്രാമായി കുറഞ്ഞു. അരിയുടെ ഉപഭോഗം 1.06 കിലോഗ്രാമിൽ നിന്ന് 0.86 കിലോഗ്രാമായും പയർവർഗങ്ങളുടെ ഉപഭോഗം 0.35 കിലോഗ്രാമിൽ നിന്ന് 0.26 കിലോഗ്രാമായും കുറഞ്ഞു.
പോഷകാഹാരത്തിന്റെ പ്രധാന ഉറവിടമായ പുതിയ പാലിന്റെ പ്രതിശീർഷ പ്രതിമാസ ഉപഭോഗവും 6.85 കിലോഗ്രാമിൽ നിന്ന് 6.15 കിലോഗ്രാമായി കുറഞ്ഞു. ബീഫ്, മട്ടൺ, ചിക്കൻ എന്നിവ ഉൾപ്പെടുന്ന മാംസത്തിന്റെ ഉപഭോഗം 0.61 കിലോഗ്രാമിൽ നിന്ന് 0.50 കിലോഗ്രാമായും ഇടിഞ്ഞു.
അതേസമയം, വിലകുറഞ്ഞ കൊഴുപ്പ് ഉൽപ്പന്നങ്ങളിലേക്കുള്ള ആശ്രിതത്വം വർധിക്കുന്നതിന്റെ സൂചനയായി മാർഗരിൻ അഥവാ സസ്യനെയ്യിന്റെ ഉപഭോഗം 81 ശതമാനം ഉയർന്നു. 2018-19ൽ പ്രതിമാസം 0.69 കിലോഗ്രാമായിരുന്ന ഉപഭോഗം 2024-25ൽ 1.25 കിലോഗ്രാമായി.
പാകിസ്ഥാൻ സാമ്പത്തിക സർവേ 2025-26, ഗാർഹിക സംയോജിത സാമ്പത്തിക സർവേ (HIES) 2024-25 എന്നിവ ചൂണ്ടിക്കാട്ടുന്നത് ഭക്ഷ്യവില വർധനയാണ് പ്രധാന കാരണമെന്നാണ്. വരുമാനത്തിന് ആനുപാതികമായി ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതോടെ, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ പാൽ, മാംസം തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഒഴിവാക്കി വിലകുറഞ്ഞതും കൂടുതൽ കലോറി ലഭിക്കുന്നതുമായ ഭക്ഷണങ്ങളിലേക്ക് മാറുകയാണ്.
ഇതിന്റെ പ്രതിഫലനം രാജ്യത്തെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലും പ്രകടമാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന കുടുംബങ്ങളുടെ വിഹിതം 2019ലെ 15.92 ശതമാനത്തിൽ നിന്ന് 2025ൽ 24.35 ശതമാനമായി ഉയർന്നു. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന കുടുംബങ്ങളുടെ വിഹിതവും 2.37 ശതമാനത്തിൽ നിന്ന് 5.04 ശതമാനമായി വർധിച്ചു.
നഗരപ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണെങ്കിലും ഗ്രാമപ്രദേശങ്ങളിലാണ് പ്രതിസന്ധിയുടെ ആഘാതം കൂടുതൽ രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് മൊത്തത്തിലുള്ള കലോറി ലഭ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ പോഷകഗുണം താഴുന്നതാണ് വിദഗ്ധരുടെ പ്രധാന ആശങ്ക.
പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണത്തിൽ പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും കുറയുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഭക്ഷ്യവിലക്കയറ്റത്തിനൊപ്പം ജനങ്ങളുടെ വാങ്ങൽശേഷി കൂടി ഇടിയുന്നത് തുടരുകയാണെങ്കിൽ പാകിസ്ഥാനിലെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി ഇനിയും രൂക്ഷമാകാനുള്ള സാധ്യതയാണുള്ളത്.
