സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വൻ സംഘർഷം

കേരള സർവകലാശാലയിലെ സംഘപരിവാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.

സെക്രട്ടറിയേറ്റിനകത്തേക്ക് പ്രവേശിക്കാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. വി. ജോയ് എംഎൽഎയും സമരസ്ഥലത്ത് എത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് എസ്പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

സർവകലാശാല പരിപാടിക്കിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതായി എസ്എഫ്ഐ ആരോപിച്ചു.

വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെയാണ് ഇന്നലെ വിദ്യാർഥികളെ പൊലീസ് നേരിട്ടതെന്നും എസ്എഫ്ഐ ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് പൊലീസ് നടപടിക്ക് പിന്നിലെന്നും സംഘടന ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക