ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ യുദ്ധത്തിന്റെ കണ്ണിലൂടെ കാണാതെ ഒരു കായിക മത്സരമായി കാണേണ്ട സമയമായെന്ന് മുൻ പാകിസ്ഥാൻ പേസർ വസീം അക്രം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ആരാധകരുടെ തീവ്ര വികാരങ്ങളും മത്സരങ്ങളോടുള്ള സമീപനവും മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അക്രം പ്രതികരിച്ചത്. ഇന്ത്യ-പാകിസ്ഥാൻ മത്സരം ആരാധകർക്ക് ഏറെ വൈകാരികമായ ഒന്നാണെങ്കിലും, ക്രിക്കറ്റ് ഒടുവിൽ ഒരു കളിയാണെന്നും ഒരു ടീമിന്റെ ജയവും മറ്റൊരു ടീമിന്റെ തോൽവിയും കളിയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലത്തെ അതിരുകടന്ന് കാണാതെ അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അക്രം പറഞ്ഞു.
1970-കളിലെ പ്രതികാര മനോഭാവവും പഴയ വൈരാഗ്യങ്ങളും ഇന്നും തുടരുന്നത് ശരിയല്ലെന്ന് പറഞ്ഞ അക്രം, അത്തരം നെഗറ്റീവ് ചിന്തകൾ ഉപേക്ഷിച്ച് മുന്നോട്ട് പോകണമെന്ന് ആരാധകരോട് അഭ്യർഥിച്ചു.
മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനുമായുള്ള ബന്ധവും അക്രം ഓർമിച്ചു. 2004-ൽ ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ കമന്റേറ്ററായി പ്രവർത്തിക്കുമ്പോഴാണ് ഇർഫാനെ ആദ്യമായി കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബൗളിംഗ് ശൈലിയോട് സാമ്യമുണ്ടായിരുന്ന ഇർഫാനെ ചില സാങ്കേതിക കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ടെന്നും അക്രം വെളിപ്പെടുത്തി.
അതേസമയം, ഇർഫാൻ പത്താൻ പലപ്പോഴും പാകിസ്ഥാനെ സംബന്ധിച്ച വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും, അതിന് മറുപടിയായി പാകിസ്ഥാൻ ആരാധകരും ശക്തമായി പ്രതികരിക്കുന്നതായും അക്രം അഭിപ്രായപ്പെട്ടു. ഇന്ത്യ-പാക് മത്സരങ്ങളെ ചുറ്റിപ്പറ്റിയുള്ള അനാവശ്യ വിവാദങ്ങൾ കുറയുകയും കായികമനോഭാവം ശക്തിപ്പെടുകയും വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
