വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ്; മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും: മന്ത്രി ടി. സിദ്ദിഖ്

വയനാട് ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ 810 ജീവനക്കാരാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

110 വീടുകളുടെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഴയെ തുടർന്ന് പെയിന്റിങ് ജോലികളിൽ നേരിയ കാലതാമസം ഉണ്ടായിരുന്നെങ്കിലും നിലവിൽ അത് പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൗൺഷിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഡിസംബറോടെ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നറുക്കെടുപ്പും നിർമാണ പ്രവർത്തനങ്ങളും തമ്മിൽ ബന്ധമില്ലെന്നും അത് സാങ്കേതികമായ നടപടിക്രമമാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ആദ്യ പട്ടികയിൽ ഇടം നേടാതിരുന്ന ദുരന്തബാധിതരെയും അർഹതപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും ലിസ്റ്റിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക