‘തോക്കിൻമുനയിൽ മൊഴിയെടുപ്പ്’; ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് എം.വി. ഗോവിന്ദൻ

ഭീഷണിപ്പെടുത്തി കള്ളമൊഴികൾ സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേസെടുക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രവർത്തനരീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സി.എം.ആർ.എൽ കേസിൽ വ്യാപാരി ഹസ്സൻ വാരിസിന്റെ മൊഴി മകളെ കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രേഖപ്പെടുത്തിയതെന്ന വെളിപ്പെടുത്തൽ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ആയുധധാരികളായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ ചുറ്റും നിർത്തി തോക്കിൻമുനയിൽ മൊഴിയെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും അഭിഭാഷകനുമായി സംസാരിക്കണമെന്ന ആവശ്യം പോലും നിരാകരിച്ചാണ് മുഹമ്മദ് റിയാസിനെതിരായ മൊഴി തയ്യാറാക്കിയതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

മാപ്പുസാക്ഷികളെ ഭീഷണിപ്പെടുത്തി സൃഷ്ടിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസെടുക്കുന്ന രീതിയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ കേസിലും സ്വീകരിച്ചതെന്നും ഇതേ രീതി കേരളത്തിലും പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഡയറികളിൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും പേരുകൾ ഉണ്ടായിരുന്നിട്ടും അവ പരിശോധിക്കാതെ നിയമാനുസൃതമായി പണം വാങ്ങിയവർക്കെതിരെ മാത്രം കേസെടുക്കുന്നത് വിചിത്രമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന വിഷയം ദേശീയതലത്തിൽ ഉന്നയിക്കുന്ന കോൺഗ്രസിന് സി.എം.ആർ.എൽ കേസിലെ നടപടികളെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ ഇപ്പോൾ ആരോപണങ്ങളുമായി രംഗത്തുവരുന്നവരിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിനും അഴീക്കോടൻ രാഘവനുമെതിരെ പോലും അഴിമതി ആരോപണം ഉന്നയിച്ചവരുണ്ടെന്നും എം.വി. ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക