പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ വൻ ശുദ്ധീകരണം; അഖിബ് ജാവേദിനും വഹാബ് റിയാസിനും സസ്‌പെൻഷൻ

പാകിസ്ഥാൻ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ തുടർച്ചയായ നിരാശാജനക പ്രകടനങ്ങൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) വൻ അഴിച്ചുപണിക്ക് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി തുടക്കമിട്ടതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സീനിയർ സെലക്ടർ ആഖിബ് ജാവേദിനെയും വനിതാ ടീം മെന്റർ വഹാബ് റിയാസിനെയും ചുമതലകളിൽ നിന്ന് നീക്കാൻ പിസിബി ഒരുങ്ങുന്നതായാണ് വിവരം.

വിശ്വസനീയമായ സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം ദേശീയ സെലക്ഷൻ കമ്മിറ്റിയിലെ സീനിയർ സെലക്ടറായ മുൻ ഫാസ്റ്റ് ബൗളർ ആഖിബ് ജാവേദിനെ നിലവിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റും. കഴിഞ്ഞ രണ്ട് വർഷമായി പിസിബിയുടെ സുപ്രധാന തീരുമാനങ്ങളിൽ ആഖിബ് ജാവേദ് നിർണായക പങ്കുവഹിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാൻ 0-2ന് പിന്നിലായ സമയത്ത് ഏഴ് താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുകയും പരിശീലക സംഘത്തിൽ മാറ്റം വരുത്തുകയും ചെയ്തതടക്കമുള്ള വിവാദ തീരുമാനങ്ങൾക്ക് പിന്നിൽ ആഖിബ് ജാവേദിന് പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ലാഹോറിലെ ഹൈ പെർഫോമൻസ് സെന്ററിൽ ഡെവലപ്‌മെന്റ് ഡയറക്ടർ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ചുമതല പരിമിതപ്പെടുത്താനും പിസിബി ആലോചിക്കുന്നതായാണ് വിവരം.

അതേസമയം, കഴിഞ്ഞ വർഷം മുതൽ പാകിസ്ഥാൻ വനിതാ ടീമിന്റെ മെന്ററായി പ്രവർത്തിക്കുന്ന വഹാബ് റിയാസിനെയും ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ശേഷം വനിതാ ടീമിന്റെ പരിശീലക സംഘത്തോടൊപ്പം റിയാസിനെയും ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. വനിതാ ടീമിനായി വിദേശ പരിശീലകരെ നിയമിക്കുന്നതും പിസിബി പരിഗണിക്കുന്നുണ്ട്.

“പാകിസ്ഥാൻ ക്രിക്കറ്റിലെ തോൽവികളുടെ പരമ്പരയും പ്രവചനാതീതമായ സംഭവവികാസങ്ങളും അവസാനിപ്പിക്കാൻ ചില കടുത്ത നടപടികൾ ആവശ്യമാണെന്ന് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ മാറ്റങ്ങൾ അനിവാര്യമായിത്തീർന്നത്,” പിസിബിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

തീരുമാനങ്ങൾക്ക് അന്തിമരൂപം നൽകുന്നതിന് മുമ്പ് മൊഹ്‌സിൻ നഖ്‌വി തന്റെ സഹായികളുമായും ഭരണസമിതി അംഗങ്ങളുമായും ഉന്നതതല ചർച്ചകൾ നടത്തും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് തോറ്റതിനു പിന്നാലെയാണ് പിസിബി തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നത്. പരിമിത ഓവർ ക്രിക്കറ്റിലും പുരുഷ, വനിതാ ടീമുകൾ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാതിരുന്നതും ബോർഡിനെ കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചതായാണ് സൂചന.

മറുപടി രേഖപ്പെടുത്തുക