ലണ്ടന് പുതിയ വെല്ലുവിളി; യുകെയിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായി മൂന്ന് മേഖലകൾ കൈകോർക്കുന്നു

യുകെ പാർലമെന്റിന്റെ നിയന്ത്രണത്തിൽനിന്ന് കൂടുതൽ സ്വയംഭരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള നിർണായക നീക്കവുമായി സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ. കാർഡിഫിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയിൽ മൂന്ന് മേഖലകളിലെയും നേതാക്കൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ യുകെ പിളർപ്പിലേക്കാണ് നീങ്ങുന്നതെന്ന രാഷ്ട്രീയ അഭ്യൂഹങ്ങളും ശക്തമായി.

ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ യുകെയിൽനിന്നുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒരേസമയം അധികാരത്തിലുള്ളത്. ഈ രാഷ്ട്രീയ സാഹചര്യമാണ് പുതിയ നീക്കത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്.

സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി, വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ റൂൺ ആപ് ഐയോർവർത്ത്, നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒനീൽ, അയർലൻഡ് പ്രതിപക്ഷ നേതാവും സിൻ ഫെയ്ൻ പാർട്ടി അധ്യക്ഷയുമായ മേരി ലൂ മക്‌ഡൊണാൾഡ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

തങ്ങളുടെ രാജ്യങ്ങൾക്ക് സ്വയംനിർണയാവകാശമുണ്ടെന്നും ജനങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ തടയാൻ യുകെ സർക്കാരിന് അധികാരമില്ലെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു.

സാമ്പത്തികം, ഊർജവിഭവങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കാനും കരാർ ലക്ഷ്യമിടുന്നു. ഭാവിയിൽ യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ചുപ്രവേശിക്കുന്നതിനുള്ള സാധ്യതകളും ഇതിലൂടെ മുന്നോട്ടുവെക്കുന്നു.

യുകെയുടെ ഭാഗമായ നോർത്തേൺ അയർലൻഡിലും സ്വതന്ത്ര രാജ്യമായ അയർലൻഡിലും പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് സിൻ ഫെയ്ൻ. അതിനാൽ തന്നെ അയർലൻഡ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ ശക്തികളുടെ പങ്കാളിത്തത്തോടെയുള്ള ഈ നീക്കം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

പുതിയ ധാരണാപത്രം യുകെയുടെ ഭരണഘടനാപരമായ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുമെന്നാണ് വിലയിരുത്തൽ. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്വയംഭരണ–സ്വാതന്ത്ര്യ വാദങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കാർഡിഫിലെ നീക്കം ലണ്ടനിൽ പുതിയ രാഷ്ട്രീയ വെല്ലുവിളികൾ ഉയർത്താനും സാധ്യതയുണ്ട്.

മറുപടി രേഖപ്പെടുത്തുക