ജിഎസ്ടിയിൽ വൻ പരിഷ്‌കാരങ്ങൾ; അറസ്റ്റ് അധികാരം ഒഴിവാക്കി, നിയമനടപടിക്ക് പരിധി 5 കോടിയാക്കി

ചരക്ക് സേവന നികുതി (ജിഎസ്ടി) ഭരണസംവിധാനത്തിൽ നിർണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് നികുതി നിയമനടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ജിഎസ്ടി ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരം പൂർണമായി ഒഴിവാക്കാനും തീരുമാനിച്ചു.

സാധാരണ നികുതി തർക്കങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജിഎസ്ടി നിയമപ്രകാരം കേസുകളിൽ നിയമനടപടി ആരംഭിക്കുന്നതിനുള്ള തുകയുടെ പരിധി നിലവിലെ ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായും ഉയർത്തി. കുറ്റങ്ങൾക്ക് നിർബന്ധമായും നൽകേണ്ട കുറഞ്ഞ ശിക്ഷയും കൗൺസിൽ ഒഴിവാക്കി. പിഴയോ തടവുശിക്ഷയോ രണ്ടും വേണമോ എന്നത് കേസിന്റെ സ്വഭാവം പരിഗണിച്ച് കോടതികൾക്ക് തീരുമാനിക്കാം.

പ്രത്യേകം പിഴത്തുക നിശ്ചയിച്ചിട്ടില്ലാത്ത കുറ്റങ്ങൾക്ക് ചുമത്തുന്ന പൊതുപിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. നികുതി നിരക്കുകളിൽ മാറ്റം വരുത്താതെ ഭരണപരമായ നടപടികളും നിയമനിർവഹണവും ലളിതമാക്കുന്ന ‘ജിഎസ്ടി 2.0’ ഘട്ടത്തിനാണ് കൗൺസിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇനി ജിഎസ്ടി നിരക്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും കൗൺസിൽ പരിഗണിക്കുക.

റീഫണ്ട് അപേക്ഷകളുടെ അംഗീകാരം നൽകുന്നതിനുള്ള സമയപരിധി 15 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചു. അപകടസാധ്യത കുറഞ്ഞ 90 ശതമാനം റീഫണ്ട് അപേക്ഷകൾ അപേക്ഷ ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ അനുവദിക്കുന്ന സംവിധാനവും നടപ്പാക്കും. നിലവിൽ ഇത്തരം അപേക്ഷകൾക്ക് ഏഴ് ദിവസമാണ് സമയപരിധി. റിട്ടേണുകളിലെ തെറ്റുകൾ തിരുത്തുന്നതിനും രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും.

ജീവനക്കാർക്കായി കമ്പനികൾ എടുക്കുന്ന ആരോഗ്യ-ലൈഫ് ഇൻഷുറൻസ്, ടെലികോം ടവറുകൾ, ഫാക്ടറികൾക്ക് പുറത്തുള്ള പൈപ്പ് ലൈനുകൾ, സൗജന്യ സാമ്പിളുകൾ എന്നിവയ്ക്ക് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം അനുവദിക്കാനും തീരുമാനിച്ചു. സപ്ലയർമാർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ യഥാർഥത്തിൽ സാധനങ്ങൾ വാങ്ങിയ വ്യാപാരികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള മാർഗങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥ സമിതിയെയും നിയോഗിച്ചു.

റോഡ് മാർഗമുള്ള ചരക്കുനീക്കത്തിനിടെ വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള പരിശോധനകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ജോയിന്റ് കമ്മീഷണർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നിർദേശവും കൃത്യമായ വിവരവും അടിസ്ഥാനമാക്കിയാകും ഇനി വാഹനങ്ങൾ തടയുക. ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തിനും എത്തുന്ന സംസ്ഥാനത്തിനും മാത്രമായിരിക്കും പരിശോധനയ്ക്ക് അനുമതി. ഇടയിലുള്ള സംസ്ഥാനങ്ങൾക്ക് വാഹനം തടയാൻ കഴിയില്ല.

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് നികുതി പാദവാർഷികമായി അടച്ചാൽ വർഷത്തിൽ ഒരിക്കൽ മാത്രം റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാരികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഗോഡൗണുകൾ ബിസിനസ് കേന്ദ്രമായി കാണിക്കുന്നതിനുള്ള നടപടികളും ലളിതമാക്കും.

വിദേശ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽനിന്ന് നടത്തുന്ന ഗവേഷണം, പരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങളെ കയറ്റുമതി സേവനമായി പരിഗണിക്കാനും തീരുമാനിച്ചു. ഐടി, എൻജിനീയറിങ്, സെമികണ്ടക്ടർ മേഖലകൾക്ക് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. നികുതി നിരക്കുകളേക്കാൾ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന് പ്രാധാന്യം നൽകുന്ന പുതിയ ഘട്ടമായാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങളെ കാണുന്നത്.

മറുപടി രേഖപ്പെടുത്തുക