ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി. ഗോവിന്ദൻ

ബിജെപിയും സംഘപരിവാറും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർഎസ്എസ് നിയന്ത്രിക്കുകയാണെന്നും യഥാർഥ പ്രതികളെ മാപ്പുസാക്ഷികളാക്കി ലക്ഷ്യമിടുന്നവരെ പ്രതികളാക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ട’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലായിരുന്നു വിമർശനം.

അരവിന്ദ് കെജ്രിവാളിനെതിരായ കേസും കേരളത്തിലെ നടപടികളും ഒരേ രീതിയിലുള്ളതാണെന്നും പിണറായി വിജയനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ നേരിട്ട് കുരുക്കാൻ കഴിയാത്തതിനാലാണ് സംസ്ഥാന സർക്കാരിനെക്കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യിപ്പിച്ചതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട ഡയറിയിലെ പേരുകൾ, പണം വാങ്ങിയെന്ന ആരോപണം, 85 ലക്ഷം രൂപയുടെ ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളെയും അദ്ദേഹം ചോദ്യം ചെയ്തു. പിണറായി വിജയന്റെ മകളെ കരുവാക്കി കൈക്കൂലി ആരോപണം ഉന്നയിക്കുന്നത് കേരളത്തെ അപമാനിക്കുന്നതാണെന്നും സിപിഐഎം ഇതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക