ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങൾക്ക് നിരോധനം ; ജീവനക്കാരുടെ നിയമനത്തിൽ നിബന്ധന പാലിക്കുമെന്ന് ഫ്രാൻസ്

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരായ പൈലറ്റുമാരെയും ക്യാബിൻ ക്രൂ അംഗങ്ങളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഇസ്രായേലിന്റെ പുതിയ നിർദേശം. ഇക്കാര്യം എയർ ഫ്രാൻസ് ജീവനക്കാരെ അറിയിച്ചതായാണ് റിപ്പോർട്ട്.

ഫ്ലൈദുബായ് വിമാനത്തിലുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട സുരക്ഷാ സംഭവമാണ് പുതിയ നിയന്ത്രണങ്ങൾക്ക് പിന്നിൽ. സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലെ ഒമാനി സഹപൈലറ്റ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ പദ്ധതിയിട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ചതായും വിവരമുണ്ട്.

സംഭവത്തിന് പിന്നാലെ ഇസ്രായേൽ ഗതാഗത മന്ത്രാലയം വിദേശ വിമാനക്കമ്പനികൾക്ക് പുതിയ നിർദേശം നൽകി. പാകിസ്ഥാൻ, ഇറാൻ, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ, ഒമാൻ തുടങ്ങിയ 31 രാജ്യങ്ങളിൽ നിന്നുള്ള പൗരത്വമുള്ളവരെയോ ഇരട്ട പൗരത്വമുള്ളവരെയോ ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ ജീവനക്കാരായി നിയോഗിക്കരുതെന്നാണ് നിർദേശം. നിയമം പാലിച്ചില്ലെങ്കിൽ വിമാനക്കമ്പനികളും ജീവനക്കാരും നടപടികൾ നേരിടേണ്ടിവരുമെന്ന് എയർ ഫ്രാൻസിന്റെ ആഭ്യന്തര മെമ്മോയിൽ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, പുതിയ നിയന്ത്രണങ്ങൾ ഫ്രാൻസിൽ നിയമപരമായ വെല്ലുവിളികൾക്ക് വഴിവെച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ദേശീയതയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം ഫ്രഞ്ച് തൊഴിൽ നിയമങ്ങൾ നിരോധിക്കുന്നതിനാൽ, ഇസ്രായേലിന്റെ സുരക്ഷാ നിർദേശങ്ങൾ നടപ്പാക്കുന്നത് എയർ ഫ്രാൻസിനെ നിയമക്കുരുക്കിലാക്കാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.

ദേശീയ സുരക്ഷയുടെ പേരിൽ വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഇസ്രായേലിന്റെ അധികാരവും ഫ്രാൻസിലെ തൊഴിൽനിയമങ്ങളും തമ്മിലുള്ള തർക്കസാധ്യതയാണ് ഇതോടെ ഉയരുന്നത്. പുതിയ നിയന്ത്രണങ്ങൾ വിമാനക്കമ്പനികളുടെ ജീവനക്കാരുടെ നിയമനത്തെയും ഡ്യൂട്ടി ക്രമീകരണങ്ങളെയും എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമല്ല.

മറുപടി രേഖപ്പെടുത്തുക