ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ത്യ സഖ്യത്തിന്റെ സമരം അവസാനിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു. എംപിമാർ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങി. മൂന്ന് ബസുകളിലായാണ് എംപിമാർ രാജ്ഘട്ടിലേക്ക് എത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഔദ്യോഗിക വാഹനങ്ങളിലാണ് മടങ്ങിയത്.

ഇന്നത്തെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും പൊലീസ് ബലപ്രയോഗമോ പ്രതിഷേധം നിയന്ത്രിക്കുന്ന തരത്തിലുള്ള ഇടപെടലുകളോ നടത്തിയില്ലെന്നും നേതാക്കൾ പറഞ്ഞു. രാജ്ഘട്ടിലേക്കുള്ള റോഡുകൾ തുറന്നുകിടന്നതിനാൽ എംപിമാർ സഞ്ചരിച്ച ബസുകൾക്ക് പൊലീസ് തടസ്സമുണ്ടാക്കിയില്ല.

ഇന്ത്യൻ ജനാധിപത്യത്തെ ഗ്യാനേഷ് കുമാർ തകർത്തുവെന്നും അത് തിരിച്ചുപിടിക്കാനായി പ്രാർത്ഥിക്കാനാണ് രാജ്ഘട്ടിലെത്തിയതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സമരം ഇവിടെ അവസാനിക്കുന്നില്ലെന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക