തുറമുഖത്ത് ഉക്രെയ്ൻ ആക്രമണം; സൈനികരുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് ലിബിയൻ സൈന്യം

ലിബിയയിലെ ബെൻഗാസി തുറമുഖത്ത് ഉക്രെയ്ൻ നടത്തിയ നാവിക ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ലിബിയൻ സൈന്യം. ഫീൽഡ് മാർഷൽ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ അറബ് സായുധ സേനയാണ് തിരിച്ചടി മുന്നറിയിപ്പ് നൽകിയത്.

ഞായറാഴ്ച ബെൻഗാസി നാവിക താവളത്തിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ യുദ്ധക്കപ്പലിനെയും ലിബിയൻ തീരത്തെ വാണിജ്യ കപ്പലുകളെയും ഉക്രെയ്ൻ ലക്ഷ്യമിട്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി ഏറ്റെടുത്തിരുന്നു. ആക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനങ്ങളിലും പരിക്കുകളിലുമാണ് രണ്ട് ലിബിയൻ നാവിക സൈനികർ മരിച്ചതെന്ന് ഹഫ്താറിന്റെ സൈന്യം അറിയിച്ചു.

കൊല്ലപ്പെട്ട സൈനികരുടെ മരണം വെറുതെയാകില്ലെന്നും ഉചിതമായ സമയത്തും സ്ഥലത്തും തിരിച്ചടി നൽകുമെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തെ ലിബിയയിലെ ട്രിപ്പോളി, ബെൻഗാസി ഭരണകൂടങ്ങളും അപലപിച്ചു. സംഭവത്തിൽ വിശദീകരണം തേടിയ ട്രിപ്പോളി ഭരണകൂടം, ഐക്യരാഷ്ട്രസഭയിൽ പരാതി നൽകുകയും അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഉക്രെയ്‌നുമായി മുൻകൂർ ധാരണയുണ്ടായിരുന്നെന്ന ആരോപണം ട്രിപ്പോളി സർക്കാർ നിഷേധിച്ചു. പടിഞ്ഞാറൻ ലിബിയയിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് കിഴക്കൻ ലിബിയൻ അധികൃതർ ആരോപിച്ചു.

സംഭവത്തിൽ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഉക്രെയ്‌നോട് ആശങ്ക അറിയിച്ചിട്ടുണ്ട്. മെഡിറ്ററേനിയൻ മേഖലയിലേക്ക് റഷ്യ-ഉക്രെയ്ൻ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും ലിബിയയുടെ പരമാധികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് ഇറ്റലിക്ക് മുൻകൂട്ടി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും ഉക്രെയ്‌ന് പിന്തുണ നൽകിയിട്ടില്ലെന്നും തജാനി വ്യക്തമാക്കി.

2011ൽ മുഅമ്മർ ഗദ്ദാഫി ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയ അസ്ഥിരത തുടരുന്ന രാജ്യമാണ് ലിബിയ. പുതിയ സംഭവവികാസങ്ങൾ റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന്റെ വ്യാപ്തി മെഡിറ്ററേനിയൻ മേഖലയിലേക്കും നീളുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക