സ്ത്രീകൾക്ക് 40,000 രൂപ പെൻഷൻ, വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സമാജ്‌വാദി പാർട്ടിയുടെ പ്രകടനപത്രിക

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമാജ്‌വാദി പാർട്ടിയുടെ ആദ്യ പ്രകടനപത്രികയായ ‘ജൻ-മൻ മാനിഫെസ്റ്റോ’ ഇന്ന് പുറത്തിറക്കും. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് പ്രകടനപത്രികയുടെ പ്രകാശനം. ‘സത്തായിസ് കാ സങ്കൽപ്: പിഡിഎ കാ പ്രാൺപത്ര’ (2027ലെ നിശ്ചയം: പിഡിഎയുടെ പ്രകടനപത്രിക) എന്ന മുദ്രാവാക്യത്തിലാണ് രേഖ തയ്യാറാക്കിയിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി അലോക് രഞ്ജന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രകടനപത്രികയ്ക്ക് രൂപം നൽകിയത്.

പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ഉൾക്കൊള്ളുന്ന പിഡിഎ (PDA) വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രകടനപത്രികയിൽ സ്ത്രീകൾ, യുവാക്കൾ, കർഷകർ, വ്യവസായ മേഖല എന്നിവയ്ക്കും മുൻഗണനയുണ്ട്. സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ പെൻഷൻ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ രണ്ട് ലക്ഷം രൂപ ധനസഹായം, വിദ്യാർഥികൾക്ക് സൗജന്യ മെട്രോ യാത്ര എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. തൊഴിൽ, പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനിർമാണം നടത്തുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നുണ്ട്.

സാധാരണക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ആശ്വാസം നൽകുന്ന നിരവധി ക്ഷേമപദ്ധതികളും വാഗ്ദാനങ്ങളിലുണ്ട്. വീടുകൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി, പാവപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ എന്നിവയാണ് ഇതിൽ പ്രധാനം. പന്ത്രണ്ടാം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് നൽകുമെന്നും 2005നുശേഷം സർവീസിൽ പ്രവേശിച്ച സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു.

കർഷകരുടെ പ്രശ്നങ്ങൾക്കും പ്രകടനപത്രികയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. കാർഷിക വായ്പകൾ എഴുതിത്തള്ളൽ, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിള ഇൻഷുറൻസ് പരിരക്ഷ, താങ്ങുവില ഉറപ്പാക്കൽ, കരിമ്പ് കർഷകരുടെ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യൽ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. അധികാരത്തിലെത്തി മൂന്ന് മാസത്തിനകം സംസ്ഥാനത്തുടനീളം ജാതി സർവേ നടത്തുമെന്നും ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കുമെന്നും സമാജ്‌വാദി പാർട്ടി പ്രഖ്യാപിക്കുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണം, വനപരിപാലനം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികൾ എന്നിവയ്ക്കും പ്രകടനപത്രികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ സാമൂഹിക വിഭാഗങ്ങളുടെ ആവശ്യങ്ങൾ പ്രത്യേകം പരിഗണിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, എല്ലാ വിഭാഗങ്ങളിലേക്കും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എത്തിക്കുന്നതിനായി ഘട്ടംഘട്ടമായി പ്രകടനപത്രികകൾ പുറത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം. ആദ്യ പ്രകടനപത്രികയ്ക്ക് പിന്നാലെ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്ന രണ്ടാം ഘട്ട രേഖയും പുറത്തിറക്കും. തുടർന്ന് ജനുവരിയോടെ ഉത്തർപ്രദേശിലെ 75 ജില്ലകൾക്കും പ്രത്യേകം പ്രകടനപത്രികകൾ അവതരിപ്പിക്കാനാണ് സമാജ്‌വാദി പാർട്ടിയുടെ നീക്കം.

ക്ഷേമപദ്ധതികൾക്കും സാമൂഹിക നീതിക്കും പ്രാധാന്യം നൽകുന്ന വാഗ്ദാനങ്ങളിലൂടെ വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് സമാജ്‌വാദി പാർട്ടിയുടെ ലക്ഷ്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിഎ മുന്നേറ്റം പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമാക്കാനും പാർട്ടി ശ്രമിക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക