നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല

മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് തന്നെ അപേക്ഷ നൽകാനാണ് പോലീസിന്റെ തീരുമാനം. കസ്റ്റഡിയിൽ ലഭിച്ചാൽ തിരിച്ചറിയൽ പരേഡ് നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഭാഗം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സുഹൈലിന്റെ സുഹൃത്തുക്കൾക്കെതിരെ ചുമത്തിയ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

എന്നാൽ, സുഹൈലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നാലെ മൂന്നാം പ്രതി ടി. ജോയൽ സുഹൃത്തിന് അയച്ച വോയ്‌സ് സന്ദേശത്തിന്റെ വിവരങ്ങളും പോലീസ് കോടതിയിൽ സമർപ്പിച്ചു.

അപകടത്തിൽ രണ്ട് യുവതികളടക്കം മൂന്നുപേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സുഹൈലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന്റെ സാഹചര്യങ്ങളും പ്രതികളുടെ പങ്കും കൂടുതൽ വ്യക്തതയോടെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്.

മറുപടി രേഖപ്പെടുത്തുക