പദവി വിഭജനം ഈ മാസം തന്നെ പൂർത്തിയാക്കണം; യുഡിഎഫിനെതിരെ വിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ

കോർപ്പറേഷൻ, ബോർഡ് പദവി വിഭജനങ്ങൾ ഈ മാസം തന്നെ പൂർത്തിയാക്കണമെന്ന് ആർഎസ്പി നേതാവും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് ആറുമാസം പിന്നിട്ടിട്ടും പദവി വിഭജനങ്ങൾ പൂർത്തിയാകാത്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കാബിനറ്റ് പദവികൾ വർധിപ്പിക്കുന്നതിനെയും പ്രേമചന്ദ്രൻ വിമർശിച്ചു. രാഷ്ട്രീയ പുനരധിവാസത്തിനാണോ കാബിനറ്റ് പദവികൾ നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണെങ്കിൽ ആർഎസ്പിയുടെ മുതിർന്ന നേതാവ് എ.എ. അസീസിന് കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാബിനറ്റ് പദവികൾ നൽകുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ഉഭയകക്ഷി ചർച്ചകൾ പോലും നടക്കുന്നില്ല. യുഡിഎഫിനുള്ളിൽ ഉടലെടുത്ത തർക്കങ്ങൾ നിർഭാഗ്യകരമാണ്. മുന്നണിയിലെ വിയോജിപ്പുകൾ മുന്നണി യോഗത്തിൽത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് യോഗങ്ങൾ നിരന്തരം ചേരണം. മുന്നണിയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും നേതൃത്വം തയ്യാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക