സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം താൽപര്യമില്ലായിരുന്നുവെന്ന് നടി നയൻതാര. എന്നാൽ ഗീതു മോഹൻദാസ് കഥ വിശദീകരിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതായി താരം വെളിപ്പെടുത്തി.
ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് നയൻതാര ഇക്കാര്യം വ്യക്തമാക്കിയത്. ഗീതു മോഹൻദാസുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും ഇരുവരും ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിച്ചിരുന്നുവെന്നും താരം പറഞ്ഞു.
ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ സാധാരണ താൻ ഏറെ ശ്രദ്ധാലുവാണെന്നും അതിനാലാണ് ആദ്യം ‘ടോക്സിക്’ ചെയ്യുന്നതിൽ സംശയമുണ്ടായതെന്നും നയൻതാര വ്യക്തമാക്കി. എന്നാൽ ഗീതു മോഹൻദാസ് കഥ അവതരിപ്പിച്ചപ്പോൾ താൻ അത്ഭുതപ്പെട്ടുപോയെന്നും പിന്നീട് ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് നയൻതാര പങ്കുവെച്ചത്. ട്രെയിലർ മികച്ചതാണെങ്കിലും സിനിമ പ്രേക്ഷകർക്ക് അതിലും വലിയ അനുഭവമാകുമെന്നും അവർ അഭിപ്രായപ്പെട്ടു. ഗീതു മോഹൻദാസിന്റെ അവതരണം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
യാഷ്, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ രചന യാഷും ഗീതു മോഹൻദാസും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രീകരിച്ച ‘ടോക്സിക്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും.
