ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തിരുമംഗലം മെട്രോ സ്റ്റേഷന് സമീപം ബഹുനില കെട്ടിടങ്ങൾ നിർമിക്കാൻ 446.88 കോടി രൂപയുടെ കരാർ. കെട്ടിടങ്ങളുടെ മധ്യത്തിലൂടെ മെട്രോ റെയിൽ വയഡക്റ്റ് കടന്നുപോകുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. കപ്പാസിറ്റി ഇൻഫ്രാപ്രൊജക്റ്റ്സ് ലിമിറ്റഡിനാണ് നിർമാണച്ചുമതല.
തിരുമംഗലം മെട്രോ സ്റ്റേഷന്റെ ഇരുവശങ്ങളിലുമായി 3.85 ഏക്കർ സ്ഥലത്താണ് നാല് ടവറുകൾ നിർമിക്കുന്നത്. പദ്ധതി ആരംഭിച്ച് 24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് ബേസ്മെന്റുകളും ഗ്രൗണ്ട് ഫ്ലോറും ഒൻപത് നിലകളുമുള്ള രണ്ട് ടവറുകൾക്കൊപ്പം ഒൻപത് നിലകളുള്ള മറ്റൊരു ടവറും രണ്ട് നിലകളുള്ള നാലാമത്തെ ടവറും പദ്ധതിയിലുണ്ടാകും.
രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന പുതിയ തിരുമംഗലം മെട്രോ സ്റ്റേഷൻ ബി, സി ടവറുകൾക്കിടയിലായിരിക്കും. ഇതോടെ കെട്ടിട സമുച്ചയത്തിനുള്ളിൽനിന്ന് തന്നെ യാത്രക്കാർക്ക് മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാനാകും.
ഗതാഗതാധിഷ്ഠിത വികസന (ടിഒഡി) പദ്ധതിയുടെ ഭാഗമായാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നിർമാണം നടപ്പാക്കുന്നത്. പൊതുഗതാഗത കേന്ദ്രങ്ങൾക്ക് സമീപം വാണിജ്യ-വികസന സൗകര്യങ്ങൾ ഒരുക്കി മെട്രോ യാത്ര പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
അതിനിടെ, ചെന്നൈ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 2026 ഒക്ടോബറിൽ 1,08,23,408 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ഒക്ടോബർ 16-നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ രേഖപ്പെടുത്തിയത്; അന്ന് 4,51,705 പേർ മെട്രോ സേവനം ഉപയോഗിച്ചു.
