നാസയുടെ ചൊവ്വ പര്യവേക്ഷണ പദ്ധതികളിൽ നിർണ്ണായക പുരോഗതിയായി പുതിയ ഹെലികോപ്റ്റർ റോട്ടർ ബ്ലേഡ് പരീക്ഷണം വിജയകരമായി പൂർത്തിയായി. കാലിഫോർണിയയിലെ NASA Jet Propulsion Laboratoryയിലാണ് ശബ്ദാതിവേഗത്തിൽ ബ്ലേഡുകൾ കറക്കിയുള്ള പരീക്ഷണം നടത്തിയത്.
ചൊവ്വയിലെ അന്തരീക്ഷ സാഹചര്യങ്ങളെ അനുകരിച്ച് തയ്യാറാക്കിയ പ്രത്യേക സ്പേസ് സിമുലേറ്ററിലാണ് പരീക്ഷണം നടന്നത്. ഭൂമിയിലെ വായുവിന് പകരം കാർബൺ ഡൈഓക്സൈഡ് നിറച്ച് ചൊവ്വയുടെ നേർത്ത അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ചാണ് എൻജിനീയർമാർ പരീക്ഷണം നടത്തിയത്.
ഈ പുതിയ പരീക്ഷണം കൂടുതൽ ഭാരമേറിയ ഉപകരണങ്ങൾ ചൊവ്വയിലേക്ക് എത്തിക്കുന്നതിനും സങ്കീർണ്ണമായ പര്യവേക്ഷണ ദൗത്യങ്ങൾ നടത്തുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
റോട്ടർ ബ്ലേഡുകൾ ശബ്ദത്തിന്റെ വേഗതയായ മാക് 1 പരിധിക്ക് മുകളിലേക്ക് എത്തിച്ചാണ് പരീക്ഷണം നടത്തിയത്. ചൊവ്വയിലെ വായു വളരെ നേർത്തതായതിനാൽ ഹെലികോപ്റ്ററുകൾക്ക് ഉയരാൻ കൂടുതൽ ലിഫ്റ്റ് ആവശ്യമാണ്. അതിനായി ബ്ലേഡുകളുടെ വേഗത വർധിപ്പിക്കേണ്ടതുണ്ട്.
ഗവേഷകരുടെ കണക്കുകൂട്ടലിൽ ഈ പുതിയ സാങ്കേതികവിദ്യ ഭാവിയിലെ ഹെലികോപ്റ്ററുകളുടെ പേലോഡ് ശേഷി ഏകദേശം 30 ശതമാനം വരെ വർധിപ്പിക്കാനാകും. അപകടസാധ്യതകൾ പരിഗണിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷണം പൂർത്തിയാക്കിയത്.
