ഫിഫ ലോകകപ്പ് 2026: മെസ്സിയുടെ ഹാട്രിക് നേട്ടത്തിന് പിന്നാലെ റെക്കോർഡിനൊപ്പമെത്തി അർജന്റീന, അൾജീരിയയെ 3-0ന് തകർത്തു

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജെയിലെ ഉദ്ഘാടന മത്സരത്തിൽ അൾജീരിയയെ 3-0ന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന വിജയത്തോടെ തുടക്കം കുറിച്ചു. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

ഈ പ്രകടനത്തോടെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസിന്റെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്കായി. ലോകകപ്പിൽ 16 ഗോളുകൾ നേടിയ മെസ്സി, ക്ലോസിന്റെ നേട്ടത്തിനൊപ്പമാണ് ഇപ്പോൾ.

ആറാം ലോകകപ്പിൽ കളിക്കുന്ന മെസ്സി, അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (199) കളിച്ച താരമെന്ന റെക്കോർഡും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ (117) നേടിയ താരമെന്ന നേട്ടവും കൂടുതൽ ശക്തമാക്കി. കൂടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) കളിച്ച താരമെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത അർജന്റീനയ്ക്ക് വേണ്ടി മെസ്സിയാണ് ആദ്യ ഗോൾ നേടിയത്. മധ്യനിരയിൽ നിന്ന് പന്ത് സ്വീകരിച്ച താരം പ്രതിരോധനിരയെ മറികടന്ന് നടത്തിയ മനോഹര മുന്നേറ്റം കൃത്യമായ ഫിനിഷിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം അർജന്റീനയുടെ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച ലഭിച്ചു. അലക്സിസ് മാക് അലിസ്റ്ററിന്റെ ശക്തമായ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിൽ മെസ്സി രണ്ടാം ഗോൾ നേടി. പിന്നീട് തന്റെ ട്രേഡ് മാർക്ക് കേളിംഗ് ഷോട്ടിലൂടെ ഹാട്രിക് പൂർത്തിയാക്കി താരം മത്സരത്തിലെ താരമായി മാറി.

അൾജീരിയക്കും ചില അവസരങ്ങൾ ലഭിച്ചെങ്കിലും അർജന്റീനൻ പ്രതിരോധവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും അവയെ ഫലപ്രദമായി തടഞ്ഞു. അനിസ് ഹാഡ്ജ് മൂസയുടെ ശ്രമം ഉൾപ്പെടെ ചില നീക്കങ്ങൾ മാത്രമാണ് അൾജീരിയക്ക് ഭീഷണിയാകാനായത്.

38-ാം വയസിലും മികവിന്റെ കൊടുമുടിയിൽ തുടരുന്ന മെസ്സി, തന്റെ 200-ാമത് സീനിയർ അന്താരാഷ്ട്ര മത്സരത്തിന് തൊട്ടുമുമ്പാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളും 2022 ലോകകപ്പ് കിരീടവും ഉൾപ്പെടെ അർജന്റീനയെ നിരവധി വിജയങ്ങളിലേക്ക് നയിച്ച മെസ്സി, ഇപ്പോൾ ലോകകപ്പ് ഗോൾ റെക്കോർഡ് പൂർണമായും സ്വന്തമാക്കാനുള്ള വക്കിലാണ്.

ജൂൺ 22ന് ഓസ്ട്രിയക്കെതിരായ അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഗോൾ നേടാനായാൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി മെസ്സി ഒറ്റയ്ക്ക് മാറും. അതേസമയം, അൾജീരിയ അടുത്ത മത്സരത്തിൽ ജോർദാനെ നേരിടും.

മറുപടി രേഖപ്പെടുത്തുക