തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകീയത: എഐഎഡിഎംകെയിലെ 40 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക്

തമിഴ്‌നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ യ്ക്ക് എഐഎഡിഎംകെയുടെ 40 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻമന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് ഈ തീരുമാനം ഉണ്ടായതെന്നാണ് വിവരം.

ഈ നീക്കത്തോടെ TVKയ്ക്ക് 155 സീറ്റുകളുടെ വലിയ ഭൂരിപക്ഷം ലഭിക്കാമെന്ന വിലയിരുത്തലും ഉയരുന്നു. 234 അംഗ തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായത്. നിലവിലെ രാഷ്ട്രീയ സമവാക്യം ടിവികെ യ്ക്ക് അനുകൂലമായി മാറുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇതിനിടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നിയുക്ത എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. രാവിലെ 10 മണിക്ക് പാർട്ടി ആസ്ഥാനത്ത് ആരംഭിച്ച യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ചയായെങ്കിലും ടിവികെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കോൺഗ്രസ് ടിവികെ യ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായും സംസ്ഥാന നേതൃയോഗത്തിൽ ധാരണയായതായും റിപ്പോർട്ടുകൾ പറയുന്നു. ഡിഎംകെ സഖ്യത്തിലെ മറ്റ് കക്ഷികൾ—സിപിഎം, സിപിഐ , മുസ്ലിം ലീഗ്, ഡിഎംഡികെ തുടങ്ങിയവയുടെ നിലപാട് വ്യക്തമല്ല.

മറുപടി രേഖപ്പെടുത്തുക