അൻസിബയുടെ ആരോപണം തള്ളി ടിനി ടോം; “തെളിവുണ്ടെങ്കിൽ ഹാജരാക്കണം”

‘അമ്മ’ സംഘടനയിൽ നിന്ന് പുറത്തുപോകാൻ കാരണം ടിനി ടോം ആണെന്ന നടി അൻസിബ ഹസന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടിനി ടോം രംഗത്ത്. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

‘അമ്മ’ സംഘടനയെ കുറിച്ച് ഇതുവരെ പൊതുവേദിയിൽ സംസാരിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും, ഇപ്പോൾ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ പറഞ്ഞുവെന്ന് മറ്റാരോ പറഞ്ഞതാണ് അൻസിബയുടെ ആരോപണം. അതിന് തെളിവുകളുണ്ടെങ്കിൽ അവർ ഹാജരാക്കണം. ഇത്രയും കാലം ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടും ഇതുവരെ ആരും എനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.

താൻ ഒരു മിമിക്രി കലാകാരനാണെന്നും കലാരംഗത്ത് ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലെന്നും ടിനി ടോം വ്യക്തമാക്കി. “ഇങ്ങനെയൊരു ആരോപണം എങ്ങനെ ഉയർന്നുവെന്ന് അറിയില്ല. എന്തായാലും വിഷയത്തെ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക