ഞങ്ങൾ ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ല; ലോകത്തിന് ഉറപ്പ് നൽകാൻ തയ്യാർ: ഇറാൻ പ്രസിഡന്റ്

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് ലോകത്തിന് വ്യക്തമായ ഉറപ്പ് നൽകാൻ തങ്ങൾ തയ്യാറാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

മേഖലയിൽ യുദ്ധവും അശാന്തിയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സയണിസ്റ്റ് ഭരണകൂടമാണെന്നും, ഇറാൻ ഒരിക്കലും അസ്ഥിരത ആഗ്രഹിക്കുന്നില്ലെന്നും പെഷേഷ്കിയാൻ പറഞ്ഞു. “ഗ്രേറ്റർ ഇസ്രായേൽ” പദ്ധതി നടപ്പാക്കുന്നതിനായാണ് ഇസ്രായേൽ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനും അമേരിക്കയും തമ്മിൽ നടന്ന സമീപകാല ചർച്ചകളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്തിന്റെ അഭിമാനത്തിനും ബഹുമാനത്തിനും യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചയും നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും നിലവിലെ പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ ഉദ്യോഗസ്ഥർ പൂർണസമയവും പ്രവർത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

അതേസമയം, രാജ്യത്തെ ജനങ്ങളോട് ഊർജ്ജവും ഇന്ധനവും കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക