അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വളരുന്നു; രാജ്യം അപകടത്തിലാകുമെന്ന് ട്രംപ് ജൂനിയർ

അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വ്യാപിക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ മുന്നറിയിപ്പ് നൽകി. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത് പിതാവിന്റെ രാഷ്ട്രീയ അജണ്ട സംരക്ഷിക്കണമെന്നും അദ്ദേഹം അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്തു.

ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടക്കാല കൺവെൻഷനിലാണ് ട്രംപ് ജൂനിയർ പ്രസംഗിച്ചത്. തിരഞ്ഞെടുപ്പിനെ ‘സാമാന്യബുദ്ധിയും ഇടതുപക്ഷ തീവ്രവാദവും തമ്മിലുള്ള പോരാട്ടം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കയുടെ ആത്മാവിനായി രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിന്റെ തുടക്കത്തിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ട വലതുപക്ഷ പ്രവർത്തകൻ ചാർളി കിർക്കിനെ ട്രംപ് ജൂനിയർ അനുസ്മരിച്ചു. വിശ്വാസം, കുടുംബം, സ്വാതന്ത്ര്യം, ദേശസ്നേഹം എന്നിവ സംരക്ഷിച്ച യോദ്ധാവായിരുന്നു കിർക്കെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ട്രംപ് ജൂനിയർ പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് ട്രംപ് ജൂനിയർ ഉയർത്തിയത്. അവർ ചർച്ചയ്ക്ക് തയ്യാറല്ലെന്നും ജനങ്ങളിൽ നിന്ന് അനുസരണം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ ജീവിതത്തിൽ പൂർണ നിയന്ത്രണം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശക്തമായ അതിർത്തി നിയന്ത്രണം, അമേരിക്കക്കാർക്ക് മുൻഗണന നൽകുന്ന കുടിയേറ്റ നയം, അഭിപ്രായ സ്വാതന്ത്ര്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവ തീവ്രവാദ നയങ്ങളല്ലെന്നും മറിച്ച് യഥാർഥ സാമാന്യബുദ്ധിയാണെന്നും ട്രംപ് ജൂനിയർ പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾ മുന്നോട്ടുവയ്ക്കുന്ന ‘ജനാധിപത്യ സോഷ്യലിസം’ കമ്മ്യൂണിസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യലിസ്റ്റ് സംവിധാനങ്ങൾ ഏതാനും വരേണ്യവർഗങ്ങളെ സമ്പന്നരാക്കുകയും സാധാരണക്കാരെ സർക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയിൽ മുത്തശ്ശിമാർക്കൊപ്പം കുട്ടിക്കാലത്ത് ചെലവഴിച്ച കാലവും ട്രംപ് ജൂനിയർ പ്രസംഗത്തിൽ ഓർത്തെടുത്തു. അവിടെ ആളുകൾ അപ്പത്തിനായി വരിയിൽ നിൽക്കുന്നതും റേഷൻ സമ്പ്രദായവും ജനങ്ങൾക്കിടയിലെ നിരാശയും നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച കുടിയേറ്റ നയം, ഊർജ നയം, നികുതി പരിഷ്കാരങ്ങൾ എന്നിവ തുടരാൻ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നിയന്ത്രണം അനിവാര്യമാണെന്നും ട്രംപ് ജൂനിയർ വ്യക്തമാക്കി. ഓവർടൈം വേതനം, ടിപ്പുകൾ, സാമൂഹിക സുരക്ഷ എന്നിവയിലെ നികുതി ഇളവുകൾ സമ്പന്നർക്കല്ല, സാധാരണക്കാരായ ജോലി ചെയ്യുന്ന അമേരിക്കക്കാർക്കാണ് പ്രയോജനപ്പെടുന്നതെന്നും അദ്ദേഹം വാദിച്ചു.

2024ലെ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പേരിൽ റിപ്പബ്ലിക്കൻ പാർട്ടി അലംഭാവം കാണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാർ കാണിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അലസത വാഷിംഗ്ടണിലെ ശക്തികൾക്ക് ട്രംപിന്റെ രാഷ്ട്രീയ അജണ്ട തടയാനുള്ള അവസരം നൽകുമെന്നും ട്രംപ് ജൂനിയർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക