ഡോ. റീനയുടെ സ്ഥലംമാറ്റം ഭരണപരമായ നടപടി മാത്രം; പ്രതികാരനടപടിയല്ലെന്ന് ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ. റീനയെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന് ആരോടും വ്യക്തിപരമായ വിരോധമോ പ്രതികാര മനോഭാവമോ ഇല്ലെന്നും ആരോഗ്യവകുപ്പിനുള്ളിൽ നിലവിൽ യാതൊരു തർക്കവുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡോ. റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സർക്കാരിന്റെ നടപടി നിയമപരമായി സാധൂകരിക്കപ്പെട്ടത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് ഡോ. റീനയെ നിയമിച്ചിരുന്നത്. പകരം അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ചുമതല നൽകിയിരുന്നു.

പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷ നൽകിയതടക്കമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥലംമാറ്റത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും തീരുമാനം അന്യായമാണെന്നും ആരോപിച്ച് ഡോ. റീന ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണൽ അനുകൂല വിധി നൽകിയതിനെ തുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി സർക്കാരിന്റെ നിലപാട് അംഗീകരിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക