ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര സെൻസേഷനായ വൈഭവ് സൂര്യവംശിക്ക് വിജയകരമായ അന്താരാഷ്ട്ര കരിയർ കെട്ടിപ്പടുക്കാനുള്ള എല്ലാ കഴിവുകളും ഉണ്ടെന്ന് മുൻ ശ്രീലങ്കൻ പേസ് ബൗളർ ചാമിന്ദ വാസ്. എന്നാൽ വെറും 15 വയസുകാരനായ താരത്തിന് മേൽ അമിത പ്രതീക്ഷകളുടെ ഭാരം ചുമത്തരുതെന്നും ആരാധകരോടും ക്രിക്കറ്റ് വിദഗ്ധരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
തെലങ്കാന ടി20 ലീഗിൽ പാലമുരു സ്ട്രൈക്കേഴ്സിന്റെ മെന്ററായ വാസ്, ഇന്ത്യ വർഷങ്ങളായി ലോകോത്തര യുവതാരങ്ങളെ സൃഷ്ടിച്ചുവരുന്ന രാജ്യമാണെന്നും സൂര്യവംശിക്കും അതേ പാത പിന്തുടരാൻ കഴിവുണ്ടെന്നും പറഞ്ഞു.
“സൂര്യവംശി ഇപ്പോഴും വളരെ ചെറുപ്പമാണ്. ഇന്ത്യയ്ക്കായി കളിക്കാനും മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് കഴിയും. പക്ഷേ അദ്ദേഹത്തെ അനാവശ്യ സമ്മർദത്തിലാക്കരുത്. സ്വാഭാവികമായി വളരാൻ അവസരം നൽകിയാൽ ഇന്ത്യൻ ക്രിക്കറ്റിനായി അദ്ദേഹം വലിയ സംഭാവനകൾ നൽകും,” വാസ് പറഞ്ഞു.
സംസ്ഥാനതല ടി20 ലീഗുകൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ശക്തിയാണെന്നും വാസ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ലീഗുകൾ യുവതാരങ്ങൾക്ക് അനുഭവസമ്പത്തും മത്സരപരിചയവും നൽകുന്നുവെന്നും അതാണ് ഐപിഎല്ലിലേക്കും ദേശീയ ടീമിലേക്കും അവരെ എത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
