സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ആക്രിക്കാർക്ക് കൈമാറി. ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ഒരു കാരവാനും വിദേശ നിർമിത കാറുകളും ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് ലേല നടപടികൾ പൂർത്തിയാക്കി മാറ്റിയത്.
മുംബൈയിലെ ഒരു നടിയുടെ പേരിലുള്ള വാഹനവും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വർഷം ലേലം നടത്തിയിരുന്നെങ്കിലും രേഖകൾ കൈമാറുന്നതിലെ കാലതാമസം കാരണം വാഹനങ്ങൾ മാറ്റാൻ വൈകുകയായിരുന്നു. ഇന്ന് മൂന്ന് വാഹനങ്ങൾ കൊണ്ടുപോയതായും ബാക്കിയുള്ളവ നാളെ മാറ്റുമെന്നും അധികൃതർ അറിയിച്ചു.
പുരാവസ്തു വ്യാപാരത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്തെന്ന കേസിലാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലായത്. കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ എറണാകുളം പോക്‌സോ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
