പ്രദീപ് രംഗനാഥൻ നിർമ്മാതാവാകുന്നു; നായികയായി മമിത ബൈജു

തെന്നിന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിർമ്മാണ രംഗത്തേക്കും ചുവടുവെക്കുന്നു. താരത്തിന്റെ പുതിയ നിർമ്മാണ കമ്പനിയായ ‘പ്രദീപ് രംഗനാഥൻ ഷോ’യുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപന പ്രൊമോ പുറത്തിറങ്ങി. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ആറ് യുവ സംവിധായകർ ചേർന്ന് രൂപീകരിച്ച ‘ദി ആൽഫ ടീം’ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ബോക്സ് ഓഫീസിൽ വൻ വിജയമായ ‘ഡ്യൂഡ്’ എന്ന ചിത്രത്തിന് ശേഷം പ്രദീപും മമിതയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അശ്വന്ത് മാരിമുത്തു, സ്വാസിക, ശിവാജി സോന്തിനേനി, അനാമിക മഹി, ലിസി ആന്റണി എന്നിവർ ഉൾപ്പെടുന്ന താരനിരയും ചിത്രത്തിലുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ‘ആസ കൂട’ എന്ന ഇൻഡിപെൻഡന്റ് ഗാനത്തിലൂടെ പ്രശസ്തനായ സായ് അഭ്യങ്കറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും പ്രദീപ് ഇ. രാഗവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അശ്വിൻ ലാറയാണ്.

പ്രദീപും മമിതയും ഒന്നിച്ച ‘ഡ്യൂഡ്’ 100 കോടിയിലധികം കളക്ഷൻ നേടി ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. ഇതോടെ പ്രദീപിന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ 100 കോടി ചിത്രമായും, തമിഴിൽ മമിത ബൈജുവിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രമായും അത് ശ്രദ്ധിക്കപ്പെട്ടു. നവാഗതനായ കീർത്തീശ്വരനായിരുന്നു ആ ചിത്രം സംവിധാനം ചെയ്തത്.

മറുപടി രേഖപ്പെടുത്തുക