‘അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; പൊതിച്ചോർ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ

ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഭക്ഷണ വിതരണം തടഞ്ഞിട്ടില്ലെന്നും ആശുപത്രി പരിസരം കൈയേറിയവരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

“അന്നം മുടക്കിയിട്ടില്ല. ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഇതിന് ഭക്ഷണ വിതരണവുമായി യാതൊരു ബന്ധവുമില്ല. ഭക്ഷണം നൽകുന്നതിന് ഒരു തടസ്സവും സൃഷ്ടിച്ചിട്ടില്ല. ഇതിനെ അന്നം മുടക്കിയെന്ന് പറഞ്ഞ് ചിലർ വിമർശിക്കുകയാണ്,” തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ഭക്ഷണ വിതരണം നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ആശുപത്രി പരിസരം കൈയേറി വലിയ ബാനറുകൾ സ്ഥാപിച്ച് മറ്റാർക്കും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ മെഡിക്കൽ കോളജിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ നടപ്പാക്കാനും സ്ഥലം കൈയേറിയവരെ ഒഴിപ്പിക്കാനുമുള്ള തീരുമാനം ആശുപത്രി വികസന സമിതി (എച്ച്.ഡി.സി.) കമ്മിറ്റിയാണ് എടുത്തതെന്നും അത് മന്ത്രിയുടെ വ്യക്തിപരമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം കൈയേറ്റം സംബന്ധിച്ച പരാതി നൽകിയതും എച്ച്.ഡി.സി. തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളജ് പരിസരത്ത് രാഷ്ട്രീയ സംഘടനകൾക്ക് ബാനറുകൾ സ്ഥാപിക്കാനോ സർക്കാർ സ്വത്ത് സ്വകാര്യമായി കൈകാര്യം ചെയ്യാനോ അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു. “ഡിവൈഎഫ്ഐക്കോ സേവാഭാരതിക്കോ സർക്കാർ സ്വത്ത് സ്വന്തമായി നിയന്ത്രിക്കാൻ അനുവാദമില്ല. ഈ തീരുമാനത്തിനെതിരെ ഇരു സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയിലായാലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ വഴിതടസ്സമോ സൃഷ്ടിക്കുന്ന തരത്തിലുള്ള കൈയേറ്റങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക